തിരുവനന്തപുരം: കറൻസി പിൻവലിക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനു സംസ്ഥാനത്തെ പ്രാഥമിക വായ്പാ സംഘങ്ങൾ ഉൾപ്പെടെ സഹകരണ മേഖലയാകെ ആധുനികവത്കരണത്തിന്റെ പാതയിലേക്ക് നീങ്ങണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന കോർ ബാങ്കിംഗ് ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കടകംപള്ളി സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ സഹകരണ ബാങ്കുകളിലും ഇതിനകം നടപ്പാക്കിയ കോർ ബാങ്കിംഗ് സംവിധാനം മുഴുവൻ പ്രാഥമിക സംഘങ്ങളിലും നടപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാതലത്തിൽ അടിയന്തരമായി രൂപീകരിക്കണം. നിലവിലുള്ള ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കി ആധുനികകാലത്തിനു അനുസൃതമായി സംഘങ്ങളുടെ സ്റ്റാഫ് പാറ്റേൺ പുതുക്കണം. സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ സഹകരണ ബാങ്കുകളിലും പ്രാഥമിക സംഘങ്ങളിലും കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവരുടെ സേവനം ഉറപ്പാക്കാൻ കഴിയണം. ഇത്തരത്തിലുള്ള ഏകീകൃത സോഫ്റ്റ്വെയർ സംവിധാനം ഏർപ്പെടുത്തി സംഘങ്ങളുടെ പ്രവർത്തനനിലവാരം മെച്ചപ്പെടുത്തണം. ആധുനിക ബാങ്കിംഗ് സംവിധാനങ്ങളാകെ സഹകരണമേഖലയിൽ ഉറപ്പാക്കേണ്ടതുണ്ട്. സഹകരണ മേഖലയിൽ പിഎസ്സി മുഖാന്തിരം നിയമനത്തിനു നീക്കിവച്ചിട്ടുള്ള തസ്തികകളിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മാർച്ച് 31നു മുൻപ് സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ കംപ്യൂട്ടർവത്കരണം പൂർത്തിയാക്കാനും അതിനാവശ്യമായ മാർഗനിർദേശങ്ങൾ സഹകരണസംഘം രജിസ്ട്രാർ പുറപ്പെടുവിക്കാനും തീരുമാനിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഘട്ടങ്ങളായി മുഴുവൻ സഹകരണ മേഖലയിലും ഏകീകൃത സോഫ്റ്റ്വെയർ, കംപ്യൂട്ടറൈസേഷൻ എന്നിവ നടപ്പാക്കാൻ ജില്ലാ–സംസ്ഥാന തലത്തിൽ മിഷൻ ടീമുകൾ രൂപീകരിക്കണം. കരട് മാർഗനിർദേശം മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിധേയമായി അംഗീകരിക്കുന്നതിന് തീരുമാനിച്ചു.യോഗത്തിൽ സഹകരണവകുപ്പ് സ്പെഷൽ സെക്രട്ടറി പി.വേണുഗോപാൽ, സഹകരണ സംഘം റെജിസ്ട്രർ എസ്.ലളിതാംബിക, സംസ്ഥാന ഇ–ഗവേണൻസ് മിഷൻ ടീമംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.