ഗ്രൂപ്പിന് അതീതമായി നീങ്ങണമെന്ന നിലപാടുമായി സുധീരൻ തിരുവനന്തപുരം: ഗ്രൂപ്പുകൾക്ക് അതീതമായി സംഘടനാപ്രവർത്തനം ശക്‌തമായി കൊണ്ടുപോകാൻ കഴിയുന്നവർ മാത്രമേ ഇനി പാർട്ടി നേതൃസ്‌ഥാനങ്ങളിൽ എത്തുകയുള്ളൂവെന്ന സൂചനയുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. പുതിയ ഡിസിസി അധ്യക്ഷൻമാർ ചുമതലയേറ്റെടുത്തശേഷം വിവിധ ജില്ലകളിൽ ന്ന നേതൃയോഗങ്ങളിൽ അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിക്കുന്ന അതേ നിലപാട് ഇന്നലെ തിരുവനന്തപുരം ഡിസിസി നേതൃയോഗത്തിലും തുടർന്നു. നെയ്യാറ്റിൻകര സനൽ ഡിസിസി പ്രസിഡന്റായ ശേഷമുള്ള ആദ്യ നേതൃയോഗമാണ് ഇന്നലെ നടന്നത്. ഗ്രൂപ്പുകൾക്ക് അതീതമായി സുധീരന്റെ താത്പര്യത്തിൽ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്ന് എ–ഐ ഗ്രൂപ്പുകൾ പരിഗണിക്കുന്ന വ്യക്‌തിയാണ് നെയ്യാറ്റിൻകര സനൽ. ഡിസിസി ഭാരവാഹികൾ, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ജില്ലയിലെ കെപിസിസി ഭാരവാഹികൾ, കെപിസിസി നിർവാഹകസമിതി അംഗങ്ങൾ എന്നിങ്ങനെ 273 പേരുടെ യോഗമാണ് ഇന്നലെ ഡിസിസിയിൽ വിളിച്ചിരുന്നത്