പഴയനോട്ടുകൾ ഉപയോഗിക്കുന്നതിൽ ഇളവുമായി വീണ്ടും കേന്ദ്രം ന്യൂഡൽഹി: നോട്ട് അസാധുവാക്കലിൽ വീണ്ടും നിർദേശങ്ങൾ തിരുത്തി കേന്ദ്രസർക്കാർ. നികുതികൾ, സർചാർജ്, പിഴകൾ, പ്രധാനമന്ത്രി ഗരിബ് കല്യാൺ പദ്ധതിക്കു കീഴിലുള്ള നിക്ഷേപങ്ങൾ എന്നിവയ്ക്ക് അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാമെന്നാണ് ധനമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്‌ഞാപനത്തിൽ പറയുന്നത്. ഡിസംബർ 30വരെ പണം നിക്ഷേപിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.കൂടാതെ, കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്ന അക്കൗണ്ടുകളിൽ ഡിസംബർ 30 വരെ ഒന്നിലേറെ തവണ നിക്ഷേപം നടത്താമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 50,000 രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുന്നവർ ആവശ്യമെങ്കിൽ പാൻകാർഡ് ഹാജരാക്കണമെന്നും റിസർവ് ബാങ്ക് വ്യക്‌തമാക്കി. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ഡിസംബർ 30 വരെ ബാങ്ക് ശാഖകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും നിക്ഷേപിക്കാം.നവംബർ എട്ടിന് നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചശേഷം നിരവധി തവണ കേന്ദ്രവും റിസർവ് ബാങ്കും മുൻ നിർദേശങ്ങളിൽനിന്നു വ്യതിചലിച്ചിരുന്നു. ഡിസംബർ മുപ്പതിനകം ഒറ്റത്തവണയേ 5000 രൂപയിലധികംവരുന്ന അസാധുനോട്ടുകൾ നിക്ഷേപിക്കാൻ അനുവദിക്കൂ എന്നും കർക്കശ പരിശോധനയ്ക്കുശേഷമേ അത് അനുവദിക്കൂ എന്നും ഡിസംബർ 19 റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു. എന്നാൽ വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് റിസർവ് ബാങ്ക് പിന്നീട് ഈ നിർദേശം പിൻവലിച്ചു.