ആഭ്യന്തരവകുപ്പിനു പോലീസിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടു: സുധീരൻ തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പോലീസിനെ ദുരുപയോഗപ്പെടുത്തിയതിന്റെ ദുരന്തഫലമാണു പോലീസിൽ ആഭ്യന്തരവകുപ്പിനു തന്നെ നിയന്ത്രണം നഷ്‌ടപ്പെട്ടതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. സിപിഎമ്മിന്റെ നിർദേശാനുസരണം രാഷ്ട്രീയ എതിരാളികളുടെമേൽ കള്ളക്കേസെടുത്തും അതിക്രമങ്ങൾ കാട്ടിയും ലോക്കപ്പ് മർദനങ്ങളും മൂന്നാംമുറയും നടത്തിയും മുന്നോട്ടുപോയ പോലീസിന്റെ സകലവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ആഭ്യന്തരവകുപ്പിന്റെ പിന്തുണയുണ്ടെന്ന നിലയിൽ ഇപ്പോൾ എന്തും ചെയ്യാൻ മടിക്കാത്ത ഒരു അവസ്‌ഥയിൽ എത്തി നിൽക്കുകയാണു സംസ്‌ഥാനത്തെ പോലീസ്.പോലീസിനെ നിയന്ത്രിക്കുന്നതിനും നീതി നടപ്പിലാക്കുന്നതിനും ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടിരിക്കുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യാനുള്ള അർഹത നഷ്‌ടപ്പെട്ടിരിക്കുന്നു. എത്രയും വേഗത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടതാണെന്നും സുധീരൻ പറഞ്ഞു