അർഹതപ്പെട്ടവർക്കു ഭൂമി : റവന്യു മന്ത്രി

അർഹതപ്പെട്ടവർക്കു ഭൂമി : റവന്യു മന്ത്രി രാജപുരം: അർഹതപ്പെട്ടവർക്ക് ഭൂമി പതിച്ചുനൽകാൻ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിൽ വർഷങ്ങളായി താമസിക്കുന്ന കർഷകർക്ക് കൈവശഭൂമിയുടെ പട്ടയം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദുർബലവിഭാഗങ്ങളോട് സർക്കാരിനുള്ള ഉത്തരവാദിത്വം നിറവേറ്റും. നിയമപ്രകാരം ലഭ്യമാക്കാൻ സാധിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നൽകും. മലയോര ജനത നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. വാഹന സൗകര്യമില്ലാത്തതും പ്രധാന പ്രശ്നമാണ്. മൊബൈൽ ഫോൺ ടവറില്ലാത്ത കാര്യം ബിഎസ്എൻഎല്ലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മലയോരപ്രദേശത്തെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പനത്തടി പഞ്ചായത്തിനെ മാലിന്യവിമുക്‌ത പഞ്ചായത്താക്കാനുള്ള നടപടികളുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ഏറ്റുവാങ്ങി ജില്ലാ കളക്ടർ കെ. ജീവൻബാബു ഉദ്ഘാടനം ചെയ്തു. കല്ലപ്പള്ളി ഗവ. എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. മോഹനൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഹേമാംബിക, സ്‌ഥിരംസമിതി അധ്യക്ഷരായ എം.സി. മാധവൻ, രജനിദേവി, പി. തമ്പാൻ, ബ്ലോക്ക് പഞ്ചായത്തംഗം ലത അരവിന്ദൻ, എഡിഎം കെ. അംബുജാക്ഷൻ, പനത്തടി പഞ്ചായത്തംഗം വി.ആർ. ബിജു, ആർഡിഒ ഡോ. പി.കെ. ജയശ്രീ, വി. മോഹൻ കുമാർ, എ. രാധാകൃഷണ, ശ്രീലത വിശ്വനാഥ്, ബിനു വർഗീസ്, സുനിൽ മാടയ്ക്കൽ, വി.സി. ദേവസ്യ, സൂര്യനാരായണഭട്ട്, അബ്ദുൾ നാസർ, ബാബു പാലപ്പറമ്പൻ എന്നിവർ പ്രസംഗിച്ചു. അരുൺ രംഗത്തുമല സ്വാഗതവും നളിനാക്ഷി ദാമോദരൻ നന്ദിയും പറഞ്ഞു.