സർക്കാർ ജീവനക്കാരുടെ അനധികൃത സ്വത്ത് ; പലരും കുടുങ്ങും

തിരുവനന്തപുരം: സർക്കാർ സർവീസിലെ അഴിമതി തടയുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ അനധികൃത സമ്പാദ്യം കണ്ടുകെട്ടുന്നതിനായി പ്രത്യേക നിയമം നിർമിക്കുന്നതു സർക്കാരിന്റെ സജീവ പരിഗണനയിൽ. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർ സ്വത്തുവിവരം വെളിപ്പെടുത്തുന്നതും സർവീസ് ബുക്കിൽ സ്വത്തു വിവരം വെളിപ്പെടുത്തുന്നതും അടക്കമുള്ള നടപടികൾക്കു പിന്നാലെയാണ് അനധികൃതമായി സമ്പാദിക്കുന്ന സ്വത്തു കണ്ടു കെട്ടാൻ നിയമനിർമാണം നടത്തുന്നതു സർക്കാർ പരിഗണിക്കുന്നത്.ബിൽ അടുത്ത ഫെബ്രുവരിയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിൽ കരടു തയാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനു നിർദേശം നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ ചീഫ് സെക്രട്ടറി നിയമ സെക്രട്ടറിയുമായി ചർച്ച നടത്തി. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂ റോ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണു നടപടി. സർക്കാർ ഉദ്യോഗസ്‌ഥ തല ത്തിൽ അഴിമതി വ്യാപകമാണെന്നു വിജിലൻസ് മേധാവി തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ചില വകുപ്പുകളിൽ കൈക്കൂലി നൽകാതെ ഒരു കാര്യവും നടക്കാത്ത സാഹചര്യവുമുണ്ട്. ചില ഉദ്യോഗസ്‌ഥർ ഭൂമിയും കെട്ടിടങ്ങളും വൻ തോതിൽ വാങ്ങിക്കൂട്ടുന്നതായും പരാതി ഉയർന്നിരുന്നു.എന്നാൽ, ജീവനക്കാരുടെ ആസ്തി കണ്ടെത്താൻ നിലവിലെ നിയമത്തിൽ വ്യവസ്‌ഥയില്ല. മുഴുവൻ ജീവനക്കാരുടെയും ശമ്പളവും പെൻഷൻകാരുടെ പെൻഷൻ തുകയും ട്രഷറി വഴി വിതരണം ചെയ്യുമ്പോൾ പിൻ നമ്പരും നൽകും. ഇതുവഴി ജീവനക്കാർക്കുള്ള വരുമാനം വേഗത്തിൽ കണ്ടെത്താൻ കഴിയും.ശമ്പളവും ഡിഎയും സർക്കാർ ആനുകൂല്യങ്ങളുമല്ലാതെ സർക്കാർ ഉദ്യോഗസ്‌ഥർ മറ്റു ബിസിനസുകൾ നടത്താൻ പാടില്ലെന്നു സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്‌ഥന്റെയും ഭാര്യ അല്ലെങ്കിൽ ഭർത്താവിന്റെയും പ്രായപൂർത്തിയാകാത്ത മക്കളുടെയും എല്ലാവിധ ആസ്തികളും വാഹന ങ്ങൾ സംബന്ധിച്ച വിവരങ്ങളും സ്വർണാഭരണങ്ങളുടെ വിവര ങ്ങളും നൽകേണ്ടിവരും.സർക്കാർ–പൊതുമേഖലാ സ്‌ഥാപനങ്ങളിലെയും തദ്ദേശ സ്‌ഥാപനങ്ങളിലെയും ജീവനക്കാർ ഉൾപ്പെടെ നിയമത്തിന്റെ പരിധിയിൽ വരുന്നത് പതിനൊന്നു ലക്ഷത്തോളം പേർ. സ്വത്ത് കണ്ടുകെട്ടാൻ വ്യവസ്‌ഥ ചെയ്യുന്ന നിയമത്തിൽ അപ്പീൽ സൗകര്യവും ഉണ്ടാകും.