ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽരാജ്യത്ത് സംഘർഷമുണ്ടാകുമെന്നു കാന്തപ്പുരം

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ രാജ്യത്ത് സംഘർഷമുണ്ടാകുമെന്നു കാന്തപ്പുരം എ.പി. അബൂബക്കർ മുസ്ല്യാർ. ഏക സിവിൽ കോഡ് കേവലം മുസ്ലിംകൾക്കു മാത്രം എതിരായ ഒന്നല്ല. ഇന്ത്യയിലെ മൊത്തം ജനങ്ങൾക്കും എതിരാണ്. നാനാത്വത്തിൽ ഏകത്വം നിലനിൽക്കുന്ന രാജ്യത്ത് ആരുടെ സിവിൽ കോഡാണ് നടപ്പാക്കുക എന്നും ഡൽഹിയിലെ ഇന്ത്യാ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കാന്തപുരം ചൂണ്ടിക്കാട്ടി. വിവിധ മതങ്ങളും ജാതികളും നിലനിൽക്കുന്ന രാജ്യത്ത് ഏതു തരത്തിലുള്ള സിവിൽ കോഡാണ് നടപ്പാക്കാനാവുക. ഹിന്ദുക്കൾക്കിടയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങൾ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ മാത്രം നൂറിലധികം ഹിന്ദു വിഭാഗങ്ങൾ ജീവിക്കുന്നുണ്ട്. ഓരോ സംസ്‌ഥാനത്തും നിരവധി വിഭാഗങ്ങളായി ഹിന്ദുക്കൾ മാത്രമുണ്ട്. ഇതിൽ ആരുടെ സിവിൽ നിയമങ്ങളാണ് ഇന്ത്യ പോലൊരു രാജ്യത്ത് നടപ്പാക്കാനാവുക എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ സിവിൽ നിയമങ്ങൾ നടപ്പാക്കിയാൽ ഇവിടെ പരസ്പരം സംഘർഷങ്ങളും കലാപങ്ങളും ഉണ്ടാവുമെന്നും അബൂബക്കർ മുസ്ല്യാർ കൂട്ടിച്ചേർത്തു. ഇക്കാലം വരെ നടന്നുവന്ന നാനാത്വത്തിൽ ഏകത്വം എന്ന സംസ്കാരമാണ് ഇന്ത്യാ രാജ്യത്തിന് അഭികാമ്യം. ഇതിനെതിരായ ഒരു നീക്കവും നടത്താൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഏക സിവിൽ കോഡ് ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും പ്രയാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകൾ വിവാഹം കഴിക്കുന്നതുതന്നെ മുത്തലാഖ് ചൊല്ലാൻവേണ്ടിയാണെന്നാണ് മുത്തലാഖ് സംബന്ധിച്ച് രാജ്യത്ത് ഇപ്പോൾ നടക്കുന്ന ചർച്ചകൾ കേട്ടാൽ തോന്നുക. ഇമെയിൽ, എസ്എംഎസ്, കത്ത് മുഖേനയും വാട്സ്ആപ്പ് പോലെയുള്ള സോഷ്യൽ മീഡയകൾ വഴിയും നടക്കുന്ന വിവാഹമോചനങ്ങൾ ഇസ്ലാമിക നിയമം അനുസരിച്ച് നിലനിൽക്കില്ലെന്നും കാന്തപുരം പറഞ്ഞു. ഇസ്ലാമുള്ള എല്ലാ രാജ്യത്തും മുത്തലാഖ് നിലനിൽക്കുന്നുണ്ടെന്നും ഇസ്ലാമിക ശരി–അത്തിന്റെ നിയമമാണ് ഒരു വ്യക്‌തിക്ക് അദ്ദേഹത്തിന്റെ ഭാര്യയെ അനിവാര്യമായ ഘട്ടത്തിൽ വിവാഹമോചനം ചെയ്യാമെന്നത് എന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് മുത്തലാഖ് വിഷയത്തിൽ നിയമ കമ്മീഷന്റെ ചോദ്യാവലിയോട് പ്രതികരിക്കില്ലെന്നും അബൂബക്കർ മുസ്ല്യാർ വ്യക്‌തമാക്കി. നോട്ട് പിൻവലിക്കുന്നതിനു മുൻപ് ജനങ്ങൾക്ക് നിയമാനുസൃതം പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമായിരുന്നുവെന്നതും അതു ചെയ്യാത്തതിനാൽ ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു