ആർക്കുവേണ്ടിയോ ഓടുന്നബോട്ടുകൾ

ഇവിടെ ഇങ്ങനാ..... യാത്രക്കാരില്ലാത്ത നേരത്ത് ബോട്ടുകളെത്തും മങ്കൊമ്പ്: ആവശ്യമുള്ള സമയത്തു ബോട്ടില്ല. അനാവശ്യസമയങ്ങളിൽ ഉണ്ട്. നെടുമുടി–വേണാട്ടുകാട് റൂട്ടിലാണ് ഈ അവസ്‌ഥ. അശാസ്ത്രീയ ഷെഡ്യൂളുകൾ യാത്രക്കാരെ വലയ്ക്കുന്നെന്നാണ് ആക്ഷേപം. രാവിലെ ഏഴുമുതൽ ഒമ്പതരവരെയുള്ള തിരക്കുള്ള സമയങ്ങളിലാണ് സർവീസുകൾ ഇല്ലാത്തത്. പുഞ്ചക്കൃഷി പുരോഗമിക്കുന്ന സാഹചര്യത്തിൽ കൃഷിയാവശ്യങ്ങൾക്കായി പോകുന്ന കർഷകരും കർഷകത്തൊഴിലാളികളുമാണ് ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത്. വിദ്യാർഥികളും മറ്റു യാത്രക്കാരും ബോട്ടില്ലാത്തതിനാൽ ഏറെ ക്ലേശമനുഭവിക്കുകയാണ്. നിലവിൽ രാവിലെ 6.20നു നെടുമുടിയിൽനിന്നും 6.45നു എടത്വായിൽനിന്നും വേണാട്ടുകാടിനു രണ്ടു സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ടു ബോട്ടുകൾ അടുത്തടുത്ത സമയങ്ങളിൽ സർവീസ് നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലന്നാണ് യാത്രക്കാർ പറയുന്നത്. ഇതു കഴിഞ്ഞാൽ പിന്നെ നെടുമുടിയിൽ നിന്ന് 9.30നു മാത്രമാണ് മറ്റൊരു സർവീസുള്ളത്. എന്നാൽ ഏഴിനും, ഒമ്പതരയ്ക്കുമിടയിലുള്ള സമയത്താണ് ഏറ്റവുമധികം യാത്രക്കാർ ഉള്ളതെന്നാണ് ഇവർ പറയുന്നത്. പിന്നീട് 10.25നു നെടുമുടിയിൽനിന്നും 11.30നും, 1.45നും എടത്വായിൽനിന്നും ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ബോട്ടിന്റെ തെറ്റായ സമയക്രമംമൂലം നെടുമുടി, ചതുർഥ്യാകരി, വേണാട്ടുകാട് തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാരാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. കായൽമേഖലകളിലേക്കുണ്ടായിരുന്ന പഴയ സർവീസുകൾ നിർത്തലാക്കിയതും യാത്രാദുരിതം ഇരട്ടിക്കുന്നു. നേരത്തെ കായൽമേഖലകളിലേക്കുള്ളവർക്കായി സർവീസ് നടത്തിയിരുന്ന സത്യവാൻ ജെട്ടി വരെയുള്ള ബോട്ടുസർവീസ് നിർത്തലാക്കി. ആവശ്യത്തിനുള്ള ബോട്ടുകൾ ഉണ്ടായിരുന്നിട്ടും അതു യാത്രക്കാർക്കു പ്രയോജനകരമാകുന്നില്ലെന്നതാണ് ആക്ഷേപം. യാത്രക്കാരുടെ ആവശ്യമറിഞ്ഞ് നിലവിലെ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.