നാലു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ കൊട്ടാരക്കര: വില്പനയ്ക്കായി തമിഴ്നാട്ടിൽ നിന്നും ട്രെയിനിൽ കടത്തികൊണ്ടു വന്ന നാലു കിലോ കഞ്ചാവുമായി രണ്ടു പേരെ റൂറൽ എസ്പിയുടെ കീഴിലുള്ള ആന്റി നർക്കോട്ടിക് ടീം പിടികൂടി. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ തെറ്റിച്ചിറ വീട്ടിൽ സ്റ്റീഫൻ എന്ന് വിളിക്കുന്ന നജീം (45) കോട്ടാത്തല മൂഴിക്കോട് ഊരഴികത്ത് വീട്ടിൽ സന്തോഷ് (മൂഴിക്കോട് സന്തോഷ്–43) എന്നിവരാണ് പിടിയിലായത്.ഇന്നലെ രാവിലെ 11 ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് ഇരുവരെയും പിടികൂടിയത്. മധുരയ്ക്കടുത്തുള്ള ഉസ്ലാം പെട്ടിയിൽ നിന്നും കഞ്ചാവ് വാങ്ങി മധുര–പുനലൂർ പാസഞ്ചറിലാണ് ഇവർ കഞ്ചാവുമായി കൊട്ടാരക്കരയിൽ എത്തിയത്. കഞ്ചാവ് ഏറ്റുവാങ്ങാൻ മറ്റു ചിലർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. നജീം നേരത്തെ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. സന്തോഷ് മോഷണം അടിപിടി കേസിൽ പ്രതിയുമാണ്. കൊട്ടാരക്കര തഹസീൽദാർ ദിവാകരൻ നായരുടെ സാന്നിധ്യത്തിൽ പോലീസ് തൊണ്ടി മുതൽ അളവ് തൂക്കം നടത്തി സീൽ ചെയ്തു. വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വിലവരുന്നതാണ് പിടികൂടപ്പെട്ട കഞ്ചാവെന്ന് പോലീസ് പറഞ്ഞു.കൊട്ടാരക്കര പ്രിൻസിപ്പൽ എസ്ഐ ശിവപ്രകാശ്, എസ്ഐ സലീം റാവുത്തർ, എസ്ഐ എസ് ബിനോജിന്റെ നേതൃത്വത്തിലുള്ള ആന്റി നർക്കോട്ടിക്ക് ടീം അംഗങ്ങളായ ഷാജഹാൻ, ശിവശങ്കരപിള്ള, ആഷിർകോഹൂർ, അജയകുമാർ, ബിനു സി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.