തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയത് സംസ്‌ഥാന സർക്കാരിന്റെ പിടിപ്പു കേടും നിഷ്ക്രിയത്വവും കാരണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി മാസം പകുതി പിന്നിട്ടിട്ടും ശമ്പളവും പെൻഷനും നൽകാൻ കഴിഞ്ഞിട്ടില്ല. വകുപ്പു മന്ത്രിക്ക് എന്തു ചെയ്യണമെന്നറിയില്ല. മുഖ്യമന്ത്രിയാകട്ടെ ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ നടക്കുകയും ചെയ്യുന്നുവെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു ദിവസം ശമ്പളം വൈകിയപ്പോൾ വൻ പ്രതിഷേധവും ഒച്ചപ്പാടും സൃഷ്‌ടിച്ച ഇടതുമുന്നണി അധികാരത്തിയപ്പോൾ ഒരു മാസം പോലും കൃത്യസമയത്തു ശമ്പളമോ പെൻഷനോ നൽകിയിട്ടില്ല. ഈ മാസം ശമ്പളവും പെൻഷനും വൈകിക്കുന്നതിൽ റിക്കാർഡും സൃഷ്‌ടിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാർ പൊതു സേവന സ്‌ഥാപനമായ കെഎസ്ആർടിസിയെ സംരക്ഷിക്കാൻ ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. അഞ്ചു വർഷത്തിനിടയിൽ 1700 കോടി രൂപയാണ് യുഡിഎഫ് സർക്കാർ കെഎസ്ആർടിസിക്കു നൽകിയത്.തൊഴിലാളി സ്നേഹവും പൊതുമേഖലാ സ്നേഹവും പ്രസംഗിക്കുന്ന ഇടതു സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച സഹായം പോലും ഇനിയും നൽകിയിട്ടില്ല. 150 കോടി രൂപയുടെ സഹായവും 50 കോടിയുടെ ഗ്രാന്റുമാണ് ബജറ്റിൽ പ്രഖ്യാപിപിച്ചത്. അത് ഇനി എന്നു കിട്ടുമെന്ന് അറിയില്ല. സാമ്പത്തിക വർഷം സമാപിക്കാൻ ഇനി രണ്ടു മാസമേ അവശേഷിക്കുന്നുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.