കാമുകൻ കൊന്നു പുഴയിലിട്ട വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി കുമളി: കാമുകൻ കൊലപ്പെടുത്തി പുഴയിൽത്തള്ളിയ ഭർതൃമതിയായ വീട്ടമ്മയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. മുനിയറ തിങ്കൾകാട് പൊന്നിടത്തുംപാറയിൽ സാലു(42)വിന്റെ മൃതദേഹമാണു കുമളിക്കുസമീപം തമിഴ്നാട് ഇരച്ചിൽപാലം പുഴയിൽനിന്ന് ഇന്നലെ രാവിലെ കണ്ടെടുത്തത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്ന പുഴയാണിത്.ഇരച്ചിൽപാലത്തിൽനിന്ന് ഒന്നര കിലോമീറ്റർ മാറി പാറയിടുക്കിൽ കാണപ്പെട്ട മൃതദേഹത്തിന്റെ മുഖം ഭാഗികമായി വികൃതമായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.കുമളിക്കു സമീപമുള്ള തമിഴ്നാടിന്റെ ഫോർബേ ഡാമിന്റെ ഷട്ടർ താഴ്ത്തി പുഴയിലേക്കുള്ള ഒഴുക്ക് പൂർണമായും നിർത്തിയ ശേഷമാണ് മൃതദേഹത്തിനായുള്ള തെരച്ചിൽ ആരംഭിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനിയർ സ്‌ഥലത്തെത്തിയിരുന്നു.ഇടുക്കി പോലീസ് മേധാവി എ.വി. ജോർജിന്റെ നേതൃത്വത്തിൽ മൂന്നാർ, കട്ടപ്പന ഡിവൈഎസ്പിമാരും മറ്റു പോലീസ് ഉദ്യോഗസ്‌ഥരും തെരച്ചിലിനു നേതൃത്വംനൽകി. തമിഴ്നാടിന്റെ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തിയിരുന്നു.സാലുവിനെ കൊലപ്പെടുത്തിയ പ്രതി ഉപ്പുതറ ചപ്പാത്ത് കൊച്ചുകരുന്തരുവി എസ്റ്റേറ്റ് ലയത്തിൽ അമ്പലാറപുരം സലിൻ(42) പോലീസ് പിടിയിലായിരുന്നു.നവംബർ മൂന്നുമുതൽ സാലുവിനെ കാണാനില്ലെന്നുകാട്ടി അവരുടെ ഭർത്താവ് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു. നവംബർ നാലിന് പുലർച്ചെ 1.30ഓടെ ഉത്തമപാളയത്തുനിന്ന് ഇരുവരും മടങ്ങുന്നവഴി ഇരച്ചിൽപാലത്തിനു സമീപം കാറിന്റെ മുൻസീറ്റിലിരുന്ന സാലുവിന്റെ കഴുത്തിൽ പിൻസീറ്റിലിരുന്നു സലിൻ ഷാൾമുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണു പോലീസ് പറയുന്നത്. മൂന്നു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സലിന്റെ ഭാര്യയോടു തങ്ങളുടെ ബന്ധം പറയുമെന്നു ഭീഷണിപ്പെടുത്തിയതും പലപ്പോഴായി രണ്ടര ലക്ഷം രൂപ വാങ്ങിയതും തുടർന്നും പണത്തിനായി ഭീഷണിപ്പെടുത്തിയതുമാണു കൊലപാതകത്തിനു കാരണം. തിങ്കൾകാട്ടിലെ ഒരു എസ്റ്റേറ്റ് സൂപ്പർവൈസറുമായി സാലു അടുത്തതും കൂടുതൽ പ്രകോപനത്തിനു കാരണമായി. കഴിഞ്ഞ നവംബർ ഒന്നിനു സലിൻ ഉത്തമപാളയത്തെത്തി ലോഡ്ജിൽ മുറിയെടുത്ത ശേഷം മൂന്നിനു നാട്ടിലെത്തി പുളിയന്മലയിലുള്ള ബന്ധുവിന്റെ മാരുതി കാറിൽ സാലുവിനെയുംകൂട്ടി ഉത്തമപാളയത്തെത്തി ലോഡ്ജിൽ താമസിച്ചു. നാലിന് മടങ്ങിവരുംവഴിയാണു കൊലപാതകം നടന്നത്.