നാടെങ്ങും നബിദിനം ആഘോഷിച്ചു

നാടെങ്ങും നബിദിനം ആഘോഷിച്ചു കരുനാഗപ്പള്ളി: പ്രവാചകനായ മുഹമ്മദ് നബിയുടെ സ്മരണ പുതുക്കി നാടെങ്ങും മിലാദ് ആഘോഷിച്ചു. മനുഷ്യർക്ക് നന്മയുടെ സന്ദേശം പകർന്നു നൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ആഘോഷപൂർവമാണ് കൊണ്ടാടിയത്.കൊടികളും തോരണങ്ങളും കൊണ്ട് നാടും നഗരവും നേരത്തെതന്നെ വർണാഭമാക്കിയിരുന്നു. വിശ്വാസികൾക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. തിരുനബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് മൗലിദ് പാരായണം, മധുരപലഹാര വിതരണം, അന്നദാനം എന്നിവ നടന്നു.നബിദിനത്തിന്റെ ഭാഗമായി പള്ളികളിലും, കവലകളിലും വിവിധ മുസ്ലീം സംഘടനകളുടേയും നേതൃത്വത്തിൽ മൗലിദ് പാരായണം, അന്നദാനം, മതപ്രഭാഷണം എന്നിവ നടന്നു. അന്നദാനത്തിന് ജാതിമതഭേദമന്യേ ആയിരങ്ങളാണ് ഓരോ സ്‌ഥലങ്ങളിലും എത്തിയത്. നബിയുടെ ജന്മിദിന മാസമായ റബീഉൽ അവ്വൽ തുടങ്ങിയത് മുതൽ തന്നെ നബി പ്രകീർത്തന സദസുകൾ വിവിധ സ്‌ഥലങ്ങളിൽ നടന്നു വരുന്നു.വരും ദിവസങ്ങളിലും വിവിധ പരിപാടികൾ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും നടക്കും. പ്രധാനമായും മൗലിദ് പാരായണവും്അന്നദാനചടങ്ങുമാണ് നടക്കുന്നത്. ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ നബിദിന സന്ദേശ റാലികൾ നടന്നു. ഓരോ സ്‌ഥലങ്ങളിലും ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്