റേഷൻകട കാട്ടാന ‘കൊള്ളയടിച്ചു്‘ മൂന്നാർ: റേഷൻ കടയിൽ സൂക്ഷിച്ചിരുന്ന ഗോതമ്പ് കാട്ടാനക്കൂട്ടം ‘കൊള്ളയടിച്ചു‘. മൂന്നാർ കെഡിഎച്ച്പി കടലാർ ഈസ്റ്റ് ഡിവിഷനിലായിരുന്നു സംഭവം. ഇന്നലെ വെളുപ്പിന് കടയിലെത്തിയ കാട്ടാനക്കൂട്ടം കടയുടെ ജനാലപൊളിച്ച് അകത്തു സൂക്ഷിച്ചിരുന്ന ഗോതമ്പ് ഭക്ഷിക്കുകയായിരുന്നു. രാവിലെ ഏഴോടെ കട തുറക്കാൻനെത്തിയ റേഷൻ കടയുടമ ആരോഗ്യസാമിയാണ് കാർഡില്ലാത്ത ഉപഭോക്‌താക്കളെ കണ്ട് ഞെട്ടിയത്. മൂന്നു കുട്ടിയാനകൾ ഉൾപ്പെടെ നാലംഗ കാട്ടാനക്കൂട്ടത്തെ ആരോഗ്യസാമി വിരട്ടാൻ ശ്രമിച്ചെങ്കിലും ആനകൾ പിന്മാറാൻ കൂട്ടാക്കിയില്ല.തുടർന്ന് അയൽവാസിയായ പഴനിസാമിയെയും നാട്ടുകാരെയും കൂട്ടിക്കൊണ്ടുവന്നു ബഹളം വച്ചതോടെയാണ് ആനക്കൂട്ടം പിൻമാറിയത്. ആനകൾ വെറുതെ മടങ്ങാൻ കൂട്ടാക്കിയില്ല. അടുത്തുള്ള പലചരക്ക് കട കുത്തിപ്പൊളിക്കാൻ ശ്രമിച്ചശേഷമാണ് ആനകൾ രംഗത്തുനിന്നും പിന്മാറിയത്.