ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്തു നൽകി

തിരുവനന്തപുരം: വിജിലൻസിനെ ചൊല്ലിയുള്ള ഉന്നത ഉദ്യോഗസ്ഥ പോരു സംസ്‌ഥാനത്തു ശക്‌തമാകുന്നു. തന്നെ ബോധപൂർവം കുടുക്കാനുള്ള നീക്കം ധനവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കത്തു നൽകി.മുൻകാലങ്ങളിൽ താൻ ജോലി നോക്കിയ തുറമുഖ വകുപ്പ്, കേരള മാരി ടൈം ഇൻസ്റ്റിറ്റ്യൂട്ട്, കോസ്റ്റൽ ഷിപ്പിംഗ് വിഭാഗങ്ങളിലെ ഫയലുകളെല്ലാം ധനകാര്യ പരിശോധനാ വിഭാഗം പരിശോധിക്കുന്നു. തുറമുഖത്തിന്റെ ചുമതലയുണ്ടായിരിക്കേ ആഴക്കടലിലെ മണ്ണു നീക്കംചെയ്യാൻ ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്നു കണ്ടെത്താനായി ചില ഗൂഢനീക്കങ്ങൾ നടത്തുകയാണ്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെ ലക്ഷ്യമിട്ടാണു ജേക്കബ് തോമസിന്റെ ആരോപണങ്ങൾ.താൻ ജോലി നോക്കിയ വകുപ്പുകളിൽ നടത്തുന്ന പരിശോധനകൾ പോലെ മറ്റു വകുപ്പുകളിൽ പരിശോധന കാണുന്നില്ല. പൊതുമരാമത്ത്, നഗരാസൂത്രണം, വാണിജ്യ നികുതി, വ്യവസായം, കെഎഫ്സി, കെഎസ്എഫ്ഇ, ടൂറിസം തുടങ്ങിയ വകുപ്പുകളിലൊന്നും പരിശോധന നടത്തിയിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രാഹാമിനെതിരേ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. തന്നെ തേജോവധം ചെയ്യാനാണു വിജിലൻസ് അന്വേഷണമെന്നു കാട്ടി കെ.എം. ഏബ്രഹാം നേരത്തെ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു വിജിലൻസ് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. എന്നാൽ, പരാതി നൽകിയ വ്യക്‌തിയിൽനിന്നു മൊഴി രേഖപ്പെടുത്താതെയാണു വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതെന്നു പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ ആരോപണം ഉന്നയിച്ചിരുന്നു.കഴിഞ്ഞ ദിവസം, വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ അഴിമതിവിരുദ്ധ ദിനാചരണ ചടങ്ങിനിടെ, പരാതിയുടെ അടിസ്‌ഥാനത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന നടത്തുന്നതിനു മാധ്യമങ്ങളിലൂടെ പ്രചാരണം നൽകരുതെന്നു വിജിലൻസിനോടു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. സംശുദ്ധമായ ജീവിതം നയിക്കുന്നവരെ തേജോവധം ചെയ്യാൻ പ്രാഥമിക പരിശോധനയെ ദുർവിനിയോഗിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു