രാജ്യാന്തര ചലച്ചിത്രമേളതുടങ്ങി തിരുവനന്തപുരം: 21–ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. എട്ടു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേള തിരുവനന്തപുരത്തെ ഉത്സവ പ്രതീതിയാലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ചലച്ചിത്രമേളയുടെ ജനകീയ മുഖം ഏറെ വലുതാണെന്നും പിണറായി കൂട്ടിച്ചേർത്തു. സാംസ്കാരിക മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമോൽ പലേക്കർ മുഖ്യാതിഥിയായി. ‘പാർട്ടിംഗ’് ആണ് ഉദ്ഘാടന ചിത്രം. മേളയുടെ പ്രമേയമായ അഭയാർഥി പ്രശ്നമാണ് ഉദ്ഘാടന ചിത്രത്തിന്റെ ഉള്ളടക്കം. അഭയാർഥി വിഭാഗത്തെ കൂടാതെ ലിംഗസമത്വം പ്രമേയമായ ജെൻഡർ ബെൻഡർ വിഭാഗവും മേളയുടെ സവിശേഷതയാണ്. 13 തീയേറ്ററുകളിലായാണ് പ്രദർശനം. ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരമാണ് നടന്നതെങ്കിലും രാവിലെ 10 മണി മുതൽ വിവിധ തീയേറ്ററുകളിൽ പ്രദർശനമുണ്ടായിരുന്നു. മേളയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ ഭിന്നലിംഗക്കാർക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ചലച്ചിത്രമേളയിലെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഭിന്നലിംഗക്കാർക്കായി ഐഎഫ്എഫ്കെയുടെ ഔദ്യോഗിക പേജിൽ പ്രത്യേക സൗകര്യവുമുണ്ട്