നോട്ടുകൾ റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തു സുപ്രീം കോടതി ന്യൂഡൽഹി:ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകൾ റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തു സുപ്രീം കോടതി. നോട്ട് നിയന്ത്രണത്തിനു പകരം നിരോധനം ഏർപ്പെടുത്തിയത് എന്തിനാണെന്നും പിൻവലിക്കാനുള്ള തുകയ്ക്കു പരിധി നിശ്ചയിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. നടപടിയുടെ ഭരണഘടനാ സാധുത അടക്കമുള്ള വിഷയങ്ങളിൽ ചോദ്യമുന്നയിച്ച കോടതി, ഒൻപത് കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നും നിർദേശിച്ചു. സഹകരണ ബാങ്കുകളോടു വിവേചനം കാണിച്ചിട്ടുണ്ടെങ്കിൽ അതു തെറ്റാണെന്നു നിരീക്ഷിച്ച കോടതി, ജില്ലാ ബാങ്കുകളിൽ നിന്നു പണം സ്വീകരിക്കാൻ ഉപാധികൾ മുഖേനയാണെങ്കിലും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പഴയ നോട്ടുകൾ നിരോധിച്ച് പുതിയ നോട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങിയിട്ടും പ്രതിസന്ധി ഒരു പരിധി പോലും പരിഹരിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, പിൻവലിക്കാനുള്ള പരിധി ആഴ്ചയിൽ 24,000 രൂപ മാത്രമാക്കിയതിനെയും ചോദ്യം ചെയ്തു. നിശ്ചയിച്ച തുക പോലും നൽകുന്നില്ല. ഈ സാഹചര്യത്തിൽ എത്ര രൂപ വരെ നൽകാൻ കഴിയുമെന്നു വ്യക്‌തമാക്കണം. ആശുപത്രികളിൽ അടക്കം പഴയ നോട്ടുകൾ സ്വീകരിക്കാനുള്ള സമയം നീട്ടിനൽകുമോയെന്നു വ്യക്‌തമാക്കണമെന്നും ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന 14നു മുമ്പ് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും സർക്കാരിനു നിർദേശം നൽകി. 500 രൂപ, 1000 രൂപ കറൻസി നോട്ടുകൾ അസാധുവാക്കുകയും നോട്ടുകൾ കൈമാറുന്നതിൽ സഹകരണ ബാങ്കുകൾക്കു നിയന്ത്രണം കൊണ്ടുവരികയും ചെയ്ത നടപടികൾക്കെതിരേ നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നോട്ടുകൾ നിരോധിച്ചതിന്റെ ഭരണഘടനാസാധുത അടക്കമുള്ള വശങ്ങൾ ഉന്നയിച്ചാണ് കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയത്. നോട്ട് റദ്ദാക്കൽ നടപടിയുടെ ഉദ്ദേശ്യമെന്തായിരുന്നെന്നും രഹസ്യമായിട്ടാണോ നടപ്പിലാക്കിയതെന്നും ആരാഞ്ഞാണ് കോടതി ഇന്നലെ നടപടികൾ ആരംഭിച്ചത്. കള്ളപ്പണവും ഭീകരവാദ പ്രവർത്തനങ്ങൾക്കായി എത്തുന്ന പണവും കള്ളനോട്ടുകളും തടയുന്നതിനായാണു നടപടി ലക്ഷ്യമാക്കിയതെന്നും അതീവ രഹസ്യമായാണ് തീരുമാനമെടുത്തതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി കോടതിയെ അറിയിച്ചു. അതീവ രഹസ്യമായതിനാൽ പുതിയ നോട്ടുകൾ അച്ചടിച്ചത് തീരുമാനം പ്രഖ്യാപിച്ചതിനു ശേഷമാണ്. സാങ്കേതിക മാറ്റങ്ങൾ വരുത്തേണ്ടതിനാൽ എടിഎമ്മുകൾ സജ്‌ജമാക്കാനുമായില്ല. ഈ പ്രശ്നങ്ങൾ 15 ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെടും. നിലവിൽ കേന്ദ്ര സർക്കാരിന്റെ കൈവശം ആവശ്യത്തിനു കറൻസി ഇല്ലെന്നും എജി സമ്മതിച്ചു. ഇതു മൂലമാണ് പിൻവലിക്കലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, സഹകരണ ബാങ്കുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതിൽ വലിയ വിവേചനമുണ്ടായതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഭരണപരമായ ഉത്തരവുകളിലൂടെയാണ് വിലക്ക് കൊണ്ടുവന്നതെന്നും ഇതിലൂടെ നിക്ഷേപകർ വൻതോതിൽ കൊഴിഞ്ഞു പോകുന്നതായും അദ്ദേഹം വാദിച്ചു. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പാലിച്ചാണ് സഹകരണ ബാങ്കുകളും പ്രവർത്തിക്കുന്നതെന്നും അതു വ്യക്‌തമാക്കുന്ന നബാർഡിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും സിബൽ ബോധിപ്പിച്ചു. ഇതു പരിഗണിച്ച കോടതി, വിവേചനപരമായ നടപടിയെങ്കിൽ തെറ്റാണെന്നു വാക്കാൽ നിരീക്ഷിച്ചു. കർശനമായ വിലക്കുകൾക്കു പകരം ബുദ്ധിപരമായ നിയന്ത്രണങ്ങളായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിനും പണം കൈമാറുന്നതിനും ജില്ലാ സഹകരണ ബാങ്കുകൾക്ക് പ്രവർത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. കോടതി ചോദിച്ചത് 1. റിസർവ് ബാങ്ക് നിയമത്തിലെ 26 (രണ്ട്) വകുപ്പ് പ്രകാരം നോട്ടുകൾ അസാധുവാക്കി വിജ്‌ഞാപനം ഇറക്കാൻ സർക്കാരിന് അധികാരമുണ്ടോ? 2. ഉത്തരവ് ഭരണഘടനയുടെ 14,19 അനുച്ഛേദങ്ങളുടെ ലംഘനമാണോ? 3.ഉത്തരവ് നടപ്പാക്കിയ നടപടിക്രമങ്ങളിൽ പാളിച്ചയുണ്ടോ? 4. ജില്ലാ സഹകരണ ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കാനും ഇടപാട് നടത്താനും വിലക്കേർപ്പെടുത്തിയത് വിവേചനപരമാണോ? 5. സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നയത്തിൽ ഇടപെടാൻ ജുഡീഷറിക്ക് ഇടപെടാൻ അധികാരമുണ്ടോ? 6. ഭരണഘടനയുടെ 32–ാം വകുപ്പ് പ്രകാരം രാഷ്ട്രീയ പാർട്ടികൾ സമർപ്പിക്കുന്ന ഹർജികൾ പരിഗണിക്കാൻ കോടതിക്കു കഴിയുമോ? 7. പിൻവലിക്കാനുള്ള തുകയ്ക്ക് പരിധി ഏർപ്പെടുത്താൻ കഴിയുമോ? 8. പുതിയ നോട്ടുകളിൽ ദേവനാഗരി ലിപിയിൽ അക്കങ്ങൾ അച്ചടിച്ചത് ഭരണഘടനാപരമായി നിലനിൽക്കുമോ? 9. ഭരണഘടനയുടെ 14 (നിയമത്തിനു മുന്നിലെ തുല്യത) 19(1ജി) (തൊഴിൽ സ്വാതന്ത്ര്യം) 300 (നിയമപ്രകാരമല്ലാതെ സ്വത്തുനഷ്‌ടപ്പെടുത്താൻ പാടില്ല) എന്നീ ഭരണഘടനാ വകുപ്പുകളുടെ ലംഘനമുണ്ടോ? ഇവയ്ക്കു ലഭിക്കുന്ന വിശദീകരണം പരിശോധിച്ചതിനു ശേഷം വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു