വരുന്നൂ പ്ലാസ്റ്റിക് നോട്ടുകൾ രാജ്യത്ത് പ്ലാസ്റ്റിക് കറൻസികൾ അച്ചടിക്കുമെന്നു സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇതിനാവശ്യമായ വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. പ്ലാസ്റ്റിക്, പോളിമർ ഘടകങ്ങളടങ്ങിയ കറൻസികൾ അച്ചടിക്കാനുള്ള നീക്കം പുരോമഗിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാൾ പാർലമെന്റിൽ എഴുതി നൽകിയ മറുപടിയിൽ വ്യക്‌തമാക്കി.പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിനു സർക്കാർ വളരെക്കാലമായി ആലോചിക്കുന്നതാണ്. പത്തു രൂപയുടെ ഒരു ദശലക്ഷം നോട്ടുകൾ കൊച്ചി ഉൾപ്പെടെ തെരഞ്ഞെടുത്ത നഗരങ്ങളിൽ ഇറക്കുമെന്ന് സർക്കാർ 2014 ഫെബ്രുവരിയിൽ പാർലമെന്റിൽ അറിയിച്ചിരുന്നു. അഞ്ചു വർഷത്തിൽ കൂടുതൽ നിലനിൽക്കുന്ന പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജൻ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. ഇത് കടലാസ് നോട്ടുകളേക്കാൾ വൃത്തിയുള്ളതുമായിരിക്കും. ഓസ്ട്രേലിയയിലാണ് ആദ്യമായി പ്ലാസ്റ്റിക് കറൻസി ഇറക്കിയത്.ഗ്രാമപ്രദേശങ്ങളിൽ പണം ലഭ്യമാക്കുന്നതിന് സർക്കാർ പ്രത്യേക നടപടികളെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ബാങ്കുകളുടെ പ്രാദേശിക ശാഖകളിലും 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിലും പണം ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രാദേശിക മേഖലകളിലെ ബാങ്കുകളിൽ പണം ലഭ്യമാകുന്നുവെന്ന് സംസ്‌ഥാന സർക്കാരും ഉറപ്പു വരുത്തണം. ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും എല്ലാ പിന്തുണയും നൽകണമെന്നും മന്ത്രി പറഞ്ഞു.