പൊതുവിദ്യാഭ്യാസസംരക്ഷണത്തിനു നാടിന്റെപിന്തുണയുണ്ടാകണം: മന്ത്രി ഐസക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു നാടിന്റെ പിന്തുണയുണ്ടാകണം: മന്ത്രി ഐസക്ക് കുന്നന്താനം: കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിനു ഓരോ പ്രദേശത്തെയും നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായം ആവശ്യമാണെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷൻ വികസന സെമിനാർ കുന്നന്താനം പാലയ്ക്കാത്തകിടി ഫാത്തിമാഗിരി പാരിഷ്ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മധ്യവേനൽ അവധിക്കാലത്ത് എല്ലാ സ്കൂളുകളും സ്മാർട്ട് ക്ലാസ് ആക്കുമ്പോൾ അതിനുവേണ്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കാൻ നാട് തയാറാകണമെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിൻ കരടുവികസനരേഖ അവതരിപ്പിച്ചു. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കും തദ്ദേശസ്‌ഥാപനങ്ങൾക്കും സമർപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ചെയർമാൻ ബി. രാധാകൃഷ്ണ മേനോൻ വികസനസന്ദേശം നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. രാധാകൃഷ്ണക്കുറുപ്പ് (കുന്നന്താനം), സജി ചാക്കോ (കല്ലൂപ്പാറ), ശ്രീലേഖ രഘുനാഥ് (കുറ്റൂർ), എലിസബേത്ത് മാത്യു (കവിയൂർ), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ് എന്നിവർ പ്രസംഗിച്ചു.