കോൺഗ്രസ് ജില്ലാ അധികാരികളെനിയമിച്ചു

ന്യൂഡൽഹി: ഗ്രൂപ്പില്ലെന്നു വാദിക്കുമ്പോഴും ഗ്രൂപ്പുകൾക്കു വീതംവച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും പുതിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ എഐസിസി നിയമിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും അറുതിവരുത്തി ഇന്നലെ പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റുമാരിൽ ഐ ഗ്രൂപ്പിനാണ് മേധാവിത്വം. എട്ടു പേർ ഐ ഗ്രൂപ്പുകാരോ ഐ ഗ്രൂപ്പുമായി ആഭിമുഖ്യം പുലർത്തിയവരോ ആണ്. എ ഗ്രൂപ്പിൽനിന്ന് അഞ്ചു പേർ ജില്ലാ പ്രസിഡന്റുമാരായപ്പോൾ വി.എം. സുധീരന്റെ അടുപ്പക്കാരനായി മാറിയ ടി.എൻ. പ്രതാപനും സ്‌ഥാനം നേടി. എല്ലാവരും പദവിയിൽ പുതു മുഖങ്ങളാണ്. ഗ്രൂപ്പ് നോക്കാതെ, പുതുമുഖങ്ങൾക്കും യുവജനങ്ങൾക്കും പരിചയസമ്പന്നർക്കും മുൻഗണന നൽകിയാണു പട്ടിക പ്രഖ്യാപിച്ചതെന്നാണു ഹൈക്കമാൻഡിന്റെ വിശദീകരണം. എല്ലാ ജില്ലകളിലും പുതിയ നേതൃത്വവും പുതിയ ഉണർവും ഉണ്ടാക്കുകയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു പാർട്ടിയെ സജ്‌ജമാക്കുകയുമാണു ലക്ഷ്യം. ജാതി, മത സമവാക്യങ്ങളും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കാനും നേതൃത്വം മറന്നില്ല. കൊല്ലത്തു മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയെ നിയമിച്ചതു കോൺഗ്രസ് ചരിത്രത്തിലെ തന്നെ ഡിസിസി പ്രസിഡന്റുമാരിലെ അപൂർവ വനിതാ സാന്നിധ്യമായി. കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷയാകുന്ന രണ്ടാമത്തെ വനിതയാണ് ബിന്ദു. കൊല്ലത്ത് സരസ്വതി കുഞ്ഞിക്കൃഷ്ണൻ മാത്രമാണു കേരളത്തിൽ ഇതിനു മുമ്പു ഡിസിസി പ്രസിഡന്റായ ഏക വനിത. ബിന്ദുവിനു പകരം മഹിളാ കോൺഗ്രസിനു പുതിയ സംസ്‌ഥാന അധ്യക്ഷയെ വൈകാതെ നിയമിച്ചേക്കും. കെപിസിസി ജനറൽ സെക്രട്ടറി ടി. സിദ്ദിഖ് കോഴിക്കോട്ടും ഐസി ബാലകൃഷ്ണൻ എംഎൽഎ വയനാട്ടിലും കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എറണാകുളത്തും പദവി നേടിയപ്പോൾ കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, ടി. ശരത്ചന്ദ്രപ്രസാദ്, എഐസിസി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് തുടങ്ങി സാധ്യതാ പട്ടികയിലുണ്ടായിരുന്ന പ്രമുഖർ പുറത്തായി. അഴിമതി ആരോപണങ്ങൾ കാര്യമായി ഇല്ലാത്ത താരതമ്യേന യുവനേതാക്കളെ പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസിനു കേരളത്തിൽ പുതുജീവൻ നൽകാനാകുമെന്നു എഐസിസി നേതൃത്വം കണക്കുകൂട്ടുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അനുമതിയോടെ സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയാണു പ്രഖ്യാപനം നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് ഹൈക്കമാൻഡിനു നൽകിയ പട്ടികയിലെ പലരും പട്ടികയിൽ ഇടം പിടിച്ചു. കെപിസിസി പ്രസിഡന്റ് സുധീരന്റെ താത്പര്യത്തിലാണു പ്രതാപനെ തൃശൂരിൽ നിമയമിച്ചത്. ഗ്രൂപ്പുകൾ പരിഗണിക്കില്ലെന്നു പറയുമ്പോഴും ഗ്രൂപ്പുകളെ കേരളത്തിൽ പാടെ തള്ളിക്കളയാനാവില്ലെന്ന പ്രമുഖ നേതാക്കളുടെ വാദം ഹൈക്കമാൻഡിന് അംഗീകരിക്കേണ്ടി വന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിനിർണയം പോലെ കേരളത്തിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം തള്ളാതെയാണു ഹൈക്കമാൻഡ് ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. ഒരു മാസം നീണ്ട ചർച്ചകൾക്കൊടുവിലാണു ഡിസിസികൾക്കു പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽനിന്നും ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കേണ്ടവരുടെ പേരു വാങ്ങിയതായിരുന്നു ആദ്യ നടപടി. ഇവർ നൽകിയ നിർദേശത്തിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ വിശദമായ ചർച്ച നടന്നു. ഇതിനു ശേഷം സുധീരൻ, ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമായി രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി. ഇതിനൊടുവിലാണ് അന്തിമപട്ടിക പ്രഖ്യാപിച്ചത്.