ഹരിതകേരളം:15,965പദ്ധതിമുഘ്യമന്ദ്രി ഇന്ന്നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകര: ജലസംരക്ഷണം, മാലിന്യ നിർമാർജനം, കൃഷി പരിപോഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയിൽ സംസ്‌ഥാനത്ത് 15,965 പ്രവൃത്തികൾക്ക് ഇന്നു തുടക്കമാകും. സംസ്‌ഥാനത്തെ എല്ലാ വാർഡുകളിലും ഒരു പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തെ കൊല്ലായിൽ പഞ്ചായത്തിലെ കളത്തറയ്ക്കൽ ഏലായിൽ രാവിലെ ഒൻപതിന് വിത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്‌ഥാനതല ഉദ്ഘാടനം നിർവഹിക്കും.സഹകരണ–ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ. കെ.ജെ. യേശുദാസ്, ചലച്ചിത്രതാരം മഞ്ജുവാര്യർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ അടുത്ത വർഷം അഞ്ച് ഏക്കർ നെൽകൃഷി ചെയ്യുന്നതിന് പുതിയ കർഷകർ മുഖ്യമന്ത്രിക്കു സമ്മതപത്രം കൈമാറും.ചിറക്കുളം കോളനി ശുചീകരണയജ്‌ഞം രാവിലെ എട്ടിന് പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. ചാക്ക വൈഎംഎ ലൈബ്രറിയിൽ പ്ലാസ്റ്റിക് വിമുക്‌ത പരിപാടിയിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കും. നെടുമങ്ങാട് നഗരസഭയിൽ പൂവത്തുർ തൂമ്പോട് 75 സെന്റ് തരിശുഭൂമിയിൽ കൃഷി ഇറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും.കാക്കനാട് നഗരകേന്ദ്രത്തിലെ ഒരേക്കറോളം സ്‌ഥലംവൃത്തിയാക്കി കൃഷിയിറക്കുന്ന പ്രവൃത്തിയാണ് എറണാകുളം ജില്ലാതല ഉദ്ഘാടന പരിപാടിയായി ഏറ്റെടുത്തിരിക്കുന്നത്. ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഫ്ളാഗ് ഓഫ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. രാവിലെ 9.30നു നടക്കുന്ന ചടങ്ങിൽ ജലസംരക്ഷണ പദ്ധതി നടൻ മമ്മൂട്ടിയും കാർഷിക പദ്ധതി നടൻ ശ്രീനിവാസനും മാലിന്യ നിർമാർജനപദ്ധതി കവി ചെമ്മനം ചാക്കോയും ഉദ്ഘാടനം ചെയ്യും. സംവിധായകൻ ബി. ഉണ്ണികൃഷ്ണനും പങ്കെടുക്കും. കോഴിക്കോട് സരോവരം ബയോപാർക്കിൽ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ശുചിത്വ യജ്‌ഞത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷനായിരിക്കും. കുലശേഖരം പഞ്ചായത്തിലെ പുന്നക്കുളം ഗ്രാമത്തിൽ 14 ഏക്കർ വരുന്ന കൃഷിയിടത്തിൽ എള്ളും പയറും വിതച്ച് കൊല്ലം ജില്ലാതല ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്കും മാത്യു ടി. തോമസും ചേർന്നാണ് പത്തനംതിട്ടയിലെ തച്ചൻപടി–കണ്ണങ്കര തോടിന്റെ ശുചീകരണ പ്രവൃത്തികൾക്കു തുടക്കം കുറിക്കുക. ജസ്റ്റീസ് ഫാത്തിമാ ബിവി, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത എന്നിവർ പങ്കെടുക്കും. ആലപ്പുഴ ജില്ലാതല ഉദ്ഘാടനം രാവിലെ ഒൻപതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ മന്ത്രി ജി.സുധാകരൻ നിർവഹിക്കും. രാവിലെ 10.30ന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കോറ്റാട്ടു പാടത്ത് ജൈവകൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ഇടുക്കിയിൽ വൈദ്യുതി മന്ത്രി എം.എം. മണി മുരിക്കാശേരി കോളജിൽ അഞ്ചേക്കർ പച്ചക്കറി കൃഷിത്തോട്ടം നിർമിക്കാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 25 വർഷമായി തരിശുകിടന്നിരുന്ന മാഞ്ഞൂർ കോതനെല്ലുരിൽ മാങ്ങാച്ചിറ പാടശേഖരത്ത് രാവിലെ 11ന് വിത്തിറക്കി കോട്ടയം ജില്ലാതല ഉദ്ഘാടനം വനംമന്ത്രി കെ.രാജുവാണ് നിർവഹിക്കുന്നത്. രാവിലെ ഏഴിന് കോടിമത നാലുവരി പാതയിൽ വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈനടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി കെ.രാജു നിർവഹിക്കും. ഗായിക വൈക്കം വിജയലക്ഷ്മി, പ്രഫ. എസ്. ശിവദാസ് എന്നിവർ പങ്കെടുക്കും. നെന്മണിക്കര പഞ്ചായത്തിലെ മണലിപ്പുഴ ശുചീകരണമാണ് തൃശൂർ ജില്ലാതലത്തിൽ ഏറ്റെടുത്തിട്ടുള്ളത്. വ്യവസായമന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടകൻ. ജയരാജ് വാര്യർ, വി.കെ. ശ്രീരാമൻ എന്നിവർ പങ്കെടുക്കും. രാവിലെ എട്ടിന് കണ്ണൂരിലെ ചിറക്കൽ ചിറയുടെ നവീകരണത്തിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും. കഥാകൃത്ത് ടി.പത്മനാഭൻ പങ്കെടുക്കും. കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ പി.വി. ധനേഷ്, മാപ്പിളപ്പാട്ട് കലാകരാൻ എരഞ്ഞോളി മൂസ, കായികതാരം ഗ്രീഷ്മ തുടങ്ങിയവർ സംബന്ധിക്കും. എഴുത്തുകാരൻ എം. മുകുന്ദൻ തലശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. കാസർഗോഡ് ജില്ലയിൽ നീലേശ്വരം ചിറയുടെ നവീകരണത്തിന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ തുടക്കം കുറിക്കും. സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് പങ്കെടുക്കും. പനമരം എരനല്ലൂർ ക്ഷേത്രക്കുളം നവീകരണത്തോടെ വയനാട് ജില്ലാ പ്രവൃത്തികൾക്ക് തുടക്കമാകും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് ഉദ്ഘാടകൻ. എഴുത്തുകാരി പി. വൽസല, ചലച്ചിത്ര പ്രവർത്തകരായ അബു സലീം, ശരത്ചന്ദ്രൻ വയനാട്, എസ്തർ, കർഷക പുരസ്കാര ജേതാവ് ചെറുവയൽ രാമൻ എന്നിവർ പങ്കെടുക്കും. പാലക്കാട് കടമ്പഴിപ്പുറം പുത്തൻകുളം നവീകരിക്കുന്ന പദ്ധതി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി പങ്കെടുക്കും.