ന്യൂഡൽഹി: ജസ്റ്റീസ് ജെ.എസ്. ഖെഹർ സുപ്രീംകോടതി ചീഫ് ജസ്റ്റീസാകും. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ ജനുവരി മൂന്നിനു വിരമിക്കുന്ന ഒഴിവിലാണിത്. ജസ്റ്റീസ് ഖെഹറിനെ അടുത്ത ചീഫ് ജസ്റ്റീസായി നിയമിക്കുന്നതിനുള്ള ശിപാർശ ടി.എസ്. ഠാക്കൂർ കേന്ദ്രസർക്കാരിനു കൈമാറി. ഇത് അംഗീകരിക്കുന്നതോടെ ജനുവരി നാലിനു ജസ്റ്റീസ് ജഗദീഷ് സിംഗ് ഖെഹർ 44–ാം ഇന്ത്യൻ ചീഫ് ജസ്റ്റീസായി സത്യപ്രതിജ്‌ഞ ചെയ്യും. സിക്ക് സമുദായത്തിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റീസാണിദ്ദേഹം. സുപ്രീം കോടതിയും കേന്ദ്ര സർക്കാരും തമ്മിൽ ഭിന്നതയുണ്ടാക്കിയ ദേശീയ ജുഡീഷൽ നിയമന കമ്മീഷൻ രൂപീകരണ നിയമം റദ്ദാക്കിയതും അരുണാചൽ പ്രദേശിലെ സർക്കാരിനെ പുനഃസ്‌ഥാപിച്ചതുമായ അഞ്ചംഗ ഭരണഘടനാ ബെഞ്ചുകളുടെ അധ്യക്ഷനും ഇദ്ദേഹമായിരുന്നു. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റീസ് ഖെഹർ, ഉത്തരാഖണ്ഡ്–കർണാടക ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസായും പ്രവർത്തിച്ചിട്ടുണ്ട്.