ന്യൂഡൽഹി: പുതിയ 20 രൂപ, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്നു റിസർവ് ബാങ്ക്. 2005ൽ പുറത്തിറക്കിയ മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണു പുതിയ നോട്ടുകൾ ഇറക്കുന്നത്. പുതിയ നോട്ടുകൾ ഇറക്കിയാലും നിലവിലുള്ള നോട്ടുകൾ പിൻവലിക്കില്ല. ഇപ്പോൾ പ്രചാരത്തിലുള്ള 20 രൂപ, 50 രൂപ നോട്ടുകൾ സാധുവായിരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്‌തമാക്കി.20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ എൽ എന്ന അക്ഷരം പതിപ്പിക്കുന്നതാണു മാറ്റം. അതിനു പുറമേ പുതിയ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പും പുതിയ നോട്ടുകളിൽ ഉണ്ടാകും. അച്ചടിച്ച വർഷം 2016 ആയിരിക്കുമെന്നും ആർബിഐ വ്യക്‌തമാക്കി. പുതിയ നോട്ടുകളുടെ ഡിസൈനും സുരക്ഷാ സവിശേഷതകളും പഴയ നോട്ടുകളുടേതിനു സമാനമായിരിക്കും.500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്തു തുടരുന്നതിനിടെയാണു പുതിയ 20 രൂപ, 50 രൂപ നോട്ടുകൾ പുറത്തിറക്കുന്നത്. നോട്ടുകൾ റദ്ദാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്നത്.