14നുയുഡിഎഫ് സത്യഗ്രഹം

കൊച്ചി: നോട്ട് അസാധുവാക്കൽ നടപടിയെത്തുടർന്ന് ജനങ്ങൾ നേരിടുന്ന ക്ലേശം ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരളത്തിന് ആവശ്യമായ അരി വിഹിതം നൽകണമെന്നും സഹകരണ മേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 14നു യുഡിഎഫ് എംഎൽഎമാരും എംപിമാരും ഡൽഹി ജന്തർമന്തറിൽ സത്യഗ്രഹം ഇരിക്കും. എറണാകുളം ബിടിഎച്ച് ഹോട്ടലിൽ നടന്ന യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കെതിരേ യുഡിഎഫ് ആരംഭിക്കുന്ന ശക്‌തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം വ്യക്‌തമാക്കി. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം ഒറ്റയ്ക്കും കൂട്ടായും നടത്തും. കൂട്ടായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് പാർലമെന്റിൽ രൂപീകരിച്ച ഫ്ളോർ കോ–ഓർഡിനേഷൻ. പാർട്ടികൾ ഒറ്റയ്ക്കു പ്രതിഷേധിക്കുന്ന കാര്യത്തിലും ദേശീയതലത്തിൽ തീരുമാനം എടുത്തിട്ടുള്ളതാണ്. ഇതിൽ മറ്റു വിവാദങ്ങൾക്കൊന്നും ഇടമില്ല. ബിജെപിക്കെതിരെ സമരം നടത്താൻ സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് യുഡിഎഫിന് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.നോട്ട് അസാധുവാക്കിയതിനെ തുടർന്ന് ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ജനങ്ങളുടെ പ്രശ്നം ഏറ്റെടുത്തു മുന്നോട്ടു പോവുകയാണ് യുഡിഎഫ്. ഇതിൽ രാഷ്ട്രീയമില്ല. ഏകാധിപതിയുടെ അരാജകത്വ ഭരണത്തിന്റെ ദുരന്തമാണ് രാജ്യം നേരിടുന്നത്. ഒരു ഗൃഹപാഠവും ചെയ്യാതെ തിടുക്കത്തിൽ എടുത്ത നോട്ടു അസാധുവാക്കൽ തീരുമാനത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണ്. ഇതു പോലൊരു ദുരന്തം രാജ്യത്തെ ജനങ്ങൾ അനുഭവിച്ചിട്ടില്ല. മോദി പ്രഖ്യാപിച്ചാൽ മാത്രം ഒരു സുപ്രഭാതത്തിൽ പ്ലാസ്റ്റിക് മണിയിലേക്ക് മാറാൻ കഴിയില്ല. കാർഷിക, വ്യവസായ, വാണിജ്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് കറൻസി പിൻവലിക്കൽ മൂലമുണ്ടായത്. ഇതിനു ഫലപ്രദമായ ഒരു പരിഹാര മാർഗവും പ്രധാനമന്ത്രി നിർ്ദേശിക്കുന്നില്ല. കാബിനെറ്റിനെയും മുഖ്യമന്ത്രിമാരെയും വിശ്വാസത്തിലെടുക്കാതെ എടുത്ത തീരുമാനമാണിത്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു നടപടി എടുക്കുന്ന കാര്യത്തിൽ സംസ്‌ഥാന സർക്കാരും പരാജയപ്പെട്ടു. സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും താളം തെറ്റിയെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് റേഷൻ വിതരണം കാര്യക്ഷമമായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ്. കഴിഞ്ഞ ഒക്ടോബറിനു ശേഷം സംസ്‌ഥാനത്ത് റേഷൻ വിതരണം പൂർണമായും പ്രതിസന്ധിയിലായി.