പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ൽ നിന്ന് 16 ആക്കണം

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ൽ നിന്ന് 16 ആക്കണം: മധ്യപ്രദേശ് ഹൈക്കോടതി ഭോപ്പാൽ∙ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ൽ നിന്ന് 16 ആക്കി ചുരുക്കുന്നതു പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട്‌ അഭ്യർഥിച്ചു മധ്യപ്രദേശ് ഹൈക്കോടതി. 14 വയസ്സുമുതലുള്ള കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം വ്യാപകമാണ്. ഇത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലേക്ക് ആൺകുട്ടികളെയും പെൺകുട്ടികളെയും എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായും ജസ്റ്റിസ് ദീപക് കുമാർ അഗർവാൾ ചൂണ്ടിക്കാട്ടി. ചില കേസുകളിൽ പലപ്പോഴും ആൺകുട്ടികൾ ബലിയാടുകളാകാറുണ്ട്. ഈ സാഹചര്യത്തിൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം 18ൽ നിന്ന് 16 ആക്കി കുറയ്ക്കണമെന്നും മധ്യപ്രദേശ് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. 2013ൽ ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്തിയതോടെയാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 16ൽ നിന്ന് 18 ആക്കി ഉയർത്തിയത്. ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18 വയസ്സാകുമ്പോൾ പലപ്പോഴും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ട ആൺകുട്ടികളെ കൊടുംകുറ്റവാളികളെ പോലെയാണ് സമൂഹം നോക്കിക്കാണുന്നത്. അത് അവരോടു കാണിക്കുന്ന അനീതിയാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. 2013ലെ നിയമഭേദഗതി പ്രകാരം പതിനാറുവയസ്സുള്ള പെൺകുട്ടിയുടെ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെങ്കിൽ കൂടി അത് ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടും. ഇന്ത്യൻ ശിക്ഷാനിയമം 375 പ്രകാരം 18 വയസ്സിൽ താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറ്റകരമാണ്. നേരത്തെ മദ്രാസ് ഹൈക്കോടതിയും ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി 16 ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ ഈ നിർദേശം തള്ളി.