തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കള്ളപ്പണക്കാരുടെ ദല്ലാളായി പ്രവർത്തിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. സമാന്തര സമ്പദ്വ്യവസ്‌ഥയായി നിലകൊള്ളുന്ന കള്ളപ്പണക്കാർക്കു വേണ്ടി മാത്രമാണ് ധനതത്വശാസ്ത്ര പണ്ഡിതനായ കേരളത്തിന്റെ ധനമന്ത്രി വാ തുറക്കുന്നതെന്നു കൃഷ്ണദാസ് കുറ്റപ്പെടുത്തി.നോട്ട് റദ്ദാക്കൽ പ്രഖ്യാപിച്ചയുടൻ അതു ദുരന്തമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളിൽ ബോധപൂർവം ഭീതിവളർത്താനുള്ള ശ്രമമാണ് ഇപ്പോഴും തുടരുന്നത്. സഹകരണ പ്രതിസന്ധി പരിഹരിക്കാൻ സംസ്‌ഥാനത്തിനു കഴിയുമെന്നിരിക്കെ അത് 22 ദിവസം വൈകിപ്പിച്ചു. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്കുള്ള തുക മറ്റ് സംസ്‌ഥാനങ്ങൾ നേരത്തേ ആവശ്യപ്പെട്ടപ്പോൾ സംസ്‌ഥാന ധനവകുപ്പ് ഗുരുതര വീഴ്ചവരുത്തി. ധനകാര്യ വിദഗ്ധനെന്നു വാഴ്ത്തപ്പെടുന്ന തോമസ് ഐസക് കേരളത്തിലെ കാര്യങ്ങൾ കുഴപ്പത്തിലാക്കിയപ്പോൾ അദ്ദേഹത്തെക്കാൾ വിദ്യാഭ്യാസം കുറവുള്ള തമിഴ്നാട് ധനമന്ത്രി ഒ. പനീർസെൽവം അവിടെ യാതൊരു പ്രതിസന്ധിയും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയെന്നു പി.കെ. കൃഷ്ണദാസ് പറഞ്ഞു. കേരളത്തിന്റെ ധനമന്ത്രി കള്ളപ്പണ്ണക്കാരുടെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി ഇടപെട്ട് ധനമന്ത്രിയുടെ പ്രവർത്തനം പരിശോധിക്കണം.നവംബർ മാസത്തിൽ നോട്ട് റദ്ദാക്കൽ വരുന്നതിനു മുൻപ് കേരളത്തിനു ശമ്പളം, പെൻഷൻ ഇനത്തിൽ കേന്ദ്രം നൽകിയതിനെക്കാൾ കൂടുതൽ തുക ഇപ്പോൾ കൈമാറിയിട്ടുണ്ടെന്നു കൃഷ്ണദാസ് അവകാശപ്പെട്ടു.