പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം.

പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. തിരുവനന്തപുരം ;സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റേയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജുകളിലെ പദ്ധതികള്‍ പ്രത്യേക പരിഗണന നല്‍കി പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. പ്രവൃത്തി ഷെഡ്യൂള്‍ തയ്യാറാക്കി നിര്‍മ്മാണം നടത്തും. ഷെഡ്യൂള്‍ അനുസരിച്ച് പ്രവൃത്തി നടത്തുന്നുവെന്ന് നേരിട്ട് ഉറപ്പു വരുത്താന്‍ കെട്ടിട വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തി. ചീഫ് എഞ്ചിനിയര്‍ പ്രവൃത്തി സംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. ഭരണാനുമതി ലഭിച്ച പദ്ധതികള്‍ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കും. സാങ്കേതികാനുമതി ലഭിച്ചിട്ടില്ലാത്ത എല്ലാ പ്രവൃത്തികളും കൃത്യമായ സമയക്രമം നിശ്ചയിച്ച് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ഡിസെന്‍ നിശ്ചിത സമയത്ത് തന്നെ ലഭ്യമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസൈന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഡിസൈന്‍ പ്രവൃത്തികളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കോംപസിറ്റ് ടെണ്ടര്‍ നടപ്പാക്കി പദ്ധതികള്‍ വേഗത്തിലാക്കും. ആരോഗ്യ വകുപ്പും പൊതുമരാമത്ത് വകുപ്പുമായുള്ള ഏകോപനം ശക്തിപ്പെടുത്തും. ഇതിനായി പൊതുമരാമത്ത് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും ചേര്‍ന്ന് ഉദ്യോഗസ്ഥതതല അവലോകന യോഗങ്ങള്‍ നിശ്ചിത ഇടവേളകളില്‍ നടത്തും. വര്‍ഷത്തില്‍ മൂന്നു തവണ മന്ത്രിമാര്‍ പങ്കെടുത്തു കൊണ്ടുള്ള അവലോകനയോഗവും നടത്തും. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ പൊതുമരാമത്ത് പ്രവൃത്തി കൂടി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ തലത്തിലും ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകളില്‍ മാസ്റ്റര്‍ പ്ലാന്‍ ഇല്ലാത്തിടത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും ആരോഗ്യ മന്ത്രിയും പറഞ്ഞു. സംസ്ഥാനത്തെ ഒമ്പത് മെഡിക്കല്‍ കോളേജുകളിലെ പ്രവൃത്തികളാണ് അവലോകനം ചെയ്തത്. മന്ത്രിമാര്‍ക്ക് പുറമെ പൊതുമരാമത്ത്, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ , ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.