വ്യവസായിയുടെഅക്കൗണ്ടിലേക്ക് 59കോടിയുടെകളളപ്പണം

കൊച്ചി: വ്യവസായിയുടെ അക്കൗണ്ടിലേക്ക് 59 കോടിയുടെ കളളപ്പണം എത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു സംശയം. എറണാകുളം ഏലൂർ സ്വദേശി ജോസ് ജോർജിനെതിരേയാണ് അന്വേഷണം നടക്കുന്നത്. നടക്കാത്ത ഇറക്കുമതിയുടെ പേരിലാണ് ബൾഗേറിയയിൽനിന്ന് പണമെത്തിയതെന്നും ഈ തുകയിൽനിന്ന് വലിയഭാഗം കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായുമാണ് എൻഫോഴ്സ്മെന്റ് സംശയിക്കുന്നത്.പണത്തിന്റെ വിവരങ്ങൾ അന്വേഷിച്ച ബാങ്ക് അധികൃതരോട്, ബൾഗേറിയൻ കമ്പനിയിൽനിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ ആവശ്യത്തിലേക്ക് എന്നാണ് ജോസ് ജോർജ് മറുപടി നൽകിയത്. എന്നാൽ ഇറക്കുമതിയുടെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇത് സമർപ്പിക്കാൻ ജോസിന് കഴിഞ്ഞില്ല. തുടർന്ന് ബാങ്ക് അധികൃതർ വിവരം അറിയിച്ചതോടെയാണ് എൻഫോഴ്സ്മെന്റ് പരിശോധന തുടങ്ങിയത്.ബൾഗേറിയയിലെ ’സ്വസ്ത ഡി’ എന്ന കമ്പനിയിൽനിന്ന് കൊച്ചി വെല്ലിംഗ്ടണിലുള്ള എസ്ബിഐ അക്കൗണ്ടിലേക്ക് ജൂലൈയിലാണ് പണമെത്തിയത്. എൻഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു കയറ്റുമതി ഇടപാട് നടന്നിട്ടില്ലെന്നു സൂചന ലഭിച്ചു.