വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പുറത്തായി ........................................... തിരുവനന്തപുരം∙ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെ പുറത്താക്കി . സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത് . ജോസഫൈന് അധ്യക്ഷസ്ഥാനത്ത് ഇനി എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് പുറത്താക്കൽ . സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. ഇ.പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചു. പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവമായി വിവാദം മാറിയെന്നു നേതാക്കള്‍ പറഞ്ഞു. ജോസഫൈനെപോലെ ഒരു നേതാവോ കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ആളോ ഉപയോഗിക്കേണ്ട വാക്കുകളല്ല ഉണ്ടായത്. പദവിയുടെ ഉത്തരവാദിത്തം ജോസഫൈന്‍ മനസിലാക്കിയില്ലെന്നും വിമര്‍ശനമുയര്‍ന്നു. നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിപലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു. മുന്‍പ് നടത്തിയ പരാമര്‍ശങ്ങളും നടപടികളും വിവാദമായ സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങളാണ് ജോസഫൈനെറ ഭാഗത്തുനിന്നുണ്ടായത്. 'മാറണം മനോഭാവം സ്ത്രീകളോട്' എന്ന പേരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കുന്ന വേളയിലുണ്ടായ പരാമര്‍ശം പാര്‍ട്ടിക്കു തിരിച്ചടിയായെന്നു വിലയിരുത്തലുണ്ടായി. യോഗത്തില്‍ ഒരാള്‍പോലും ജോസഫൈനെ അനുകൂലിച്ചില്ല. അതിനിടെ, സെക്രട്ടേറിയറ്റ് യോഗം നടക്കുമ്പോള്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം വിഷയത്തില്‍ നടത്തിയ പ്രതികരണം ചര്‍ച്ചയായി. ജോസഫൈന്‍ ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ വിവാദം അവസാനിച്ചെന്നും രാജി വേണ്ടെന്നുമായിരുന്നു പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ റഹിം പ്രതികരിച്ചത്. വിവിധ പരാതികളില്‍ വനിതാ കമ്മിഷന്റെ സഹായം തേടാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കി മനോരമ ന്യൂസ് നടത്തിയ പരിപാടിക്കിടെ ആയിരുന്നു പരാമര്‍ശം. വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഭരണപക്ഷ അനുകൂലികള്‍പോലും ജോസഫൈന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഭര്‍ത്താവില്‍നിന്നു മര്‍ദനമേറ്റെന്ന പരാതിയുമായി വിളിച്ച എറണാകുളം സ്വദേശി ലിബിനയോടുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതില്‍, ഭര്‍ത്താവ് തല്ലുന്നത് പൊലീസിലറിയിച്ചില്ലേ എന്ന ചോദ്യത്തിനു ലിബിന ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ 'എന്നാപ്പിന്നെ അനുഭവിച്ചോ' എന്ന പ്രതികരണമാണ് അധ്യക്ഷയില്‍നിന്നും ഉണ്ടായത്.