പൂഴിക്കുന്നിൽ ആർഎസ്എസ് – സിപിഎം സംഘർഷം; നിരവധി പേർക്ക് പരിക്ക് പാറശാല: കുളത്തൂർ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി പൂഴിക്കുന്നിൽ സിപിഎം–ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ നടന്ന കല്ലേറിൽ നിരവധി പേർക്കു പരിക്കേറ്റു. ഇന്നലെ രാത്രി എട്ടോടെയാണ് സംഘർഷം ഉണ്ടായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: കുളത്തൂർ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം നിലനിൽക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം കോളജ് ഗ്രൗണ്ടിൽ കളിച്ച് കൊണ്ടിരുന്ന എസ്എഫ്ഐ വിദ്യാർഥികളും പുറത്ത് നിന്ന് എത്തിയവരും കോളജിലെ എബിവിപി പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഇത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇതിനു തുടർച്ചയായാണ് പൂഴിക്കുന്ന് ജംഗ്ഷനിൽ സംഘർഷം ഉണ്ടായത്. റോഡിന് ഇരുവശത്തുമായി സംഘടിച്ച് നിന്ന പ്രവർത്തകർ നടത്തിയ കല്ലേറിൽ നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് മഹീന്ദ്രാ വാനും ആറോളം ബൈക്കുകളും തകർന്നു. പരിക്കേറ്റ പ്രവർത്തകർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. രാത്രി വൈകിയും സ്‌ഥലത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്. പാറശാല സി ഐ യുടെ നേത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നു