എന്‍ ഡി എ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

എന്‍ ഡി എ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നെയ്യാറ്റിന്‍കര: കഠിനാധ്വാനവും ആത്മാര്‍ഥതയും കൈമുതലായ മലയാളികളുടെ യഥാര്‍ഥ സര്‍ഗശേഷി ഇതുവരെ കേരളം ഭരിച്ച ഒരു സര്‍ക്കാരും പ്രയോജനപ്പെടുത്തിയില്ലന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരയണന്‍ പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്‍ സര്‍വമേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ കേരളം മാത്രം വികസനത്തില്‍ പുറകോട്ടു പോകുന്നു. എന്‍ ഡി എ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എസ്എൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭ്യസ്തവിദ്യര്‍ തൊഴിലിന് വേണ്ടി അലയുന്നത് മാറാന്‍ എന്‍.ഡി.എ യെ അധികാരത്തില്‍ കൊണ്ടുവരണം. തൊഴിലില്ലാതെ നിരാശരായ യുവാക്കള്‍ തെരുവില്‍ സമരത്തിലാണ്. വികസനഗ്രാഫില്‍ കേരളം വട്ടപ്പൂജ്യമാണ്. ഇവിടെ പുതിയ വ്യവസായങ്ങള്‍ വരുന്നില്ല. വ്യവസായ സംരംഭങ്ങളോ അതിലേക്ക് നിക്ഷേപമോ വരുന്നില്ല. അതിന് ഇടതുവലത് സര്‍ക്കാരുകള്‍ അനുകൂല സാഹചര്യം ഒരുക്കിയല്ല. കേരളത്തിലെ എല്‍.ഡി.എഫും യു.ഡി എഫും വളരെ പരാജയമാണ്. കേരളത്തിലെ ജനങ്ങളുടെ സംരക്ഷണത്തിന്റെ സമയമാണിത്. കേരളത്തില്‍ മികവുറ്റ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബി.ജെ.പിയ്‌ക്കേ കഴിയൂ. അശ്വന്ത് നാരായണന്‍ കൂട്ടി ചേര്‍ത്തു. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥി രാജശേഖരന്‍ നായരുടെ പൊതു ജീവിതം സുതാര്യമാണെന്നും ബിസനസ്സുകാരനായ അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത് എന്തെങ്കിലും സാമ്പത്തിക നേട്ടത്തിനല്ലന്നും ഒ രാജഗോപാല്‍ എം എല്‍ എ പറഞ്ഞു. രാജശേഖരന്‍ നായരുമായുള്ള ദീര്‍ഘ നാളത്തെ അടുപ്പം സൂചിപ്പിച്ച രാജഗോപാല്‍ സേവനം മുഖമുദ്രയാക്കിയ കുടുംബമാണെന്നും പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആര്‍. രാജേഷ് അധ്യക്ഷനായിരുന്നു. വെങ്ങാനൂര്‍ സതീഷ്, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, എന്‍.പി ഹരി, സുരേഷ് തമ്പി, ആര്‍.നടരാജന്‍, മഞ്ചത്തല സുരേഷ്, ഷിബു രാജ് കൃഷ്ണ, അരംഗമുഗള്‍ സന്തോഷ്, ആലം പൊറ്റ ശ്രീകുമാര്‍, അമരവിള ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.