അഴിമതി തടയാൻ മൊബൈൽ ആപ്പ് തോമസ് ജേക്കബ്

അഴിമതി തടയാൻ മൊബൈൽ ആപ്പ് :പുതിയ തന്ത്രവുമായി വിജിലൻസ് നെയ്യാറ്റിൻകര: അഴിമതി വിരുദ്ധ പ്രവർത്തനം വായനശാലയിലൂടെ എന്ന സന്ദേശവുമായി വിജിലൻസ് ഡയറക്ടർ ഡോ. തോമസ് ജേക്കബ് നെയ്യാറ്റിൻകരയിൽ. വിജിലൻസ് വകുപ്പ് തയാറാക്കിയ രണ്ടു മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയ അദ്ദേഹം ചുറ്റുപാടും നടക്കുന്ന വിവിധ തരം അഴിമതികളെക്കുറിച്ച് കൂടുതൽ ജാഗരൂകരാകണമെന്ന് ഓർമിപ്പിച്ചു. എറൈസിംഗ് കേരള, വിസിൽ നൗ എന്നീ പുതിയ മൊബൈൽ ആപ്ലിക്കേഷനുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നൂറ്റാണ്ടിലേറെ വർഷത്തെ പഴക്കമുള്ള നെയ്യാറ്റിൻകര ജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ വിജിലൻസ് ഡയറക്ടർ എത്തിയത്. ഗാന്ധിമിത്ര മണ്ഡലം ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പൊതുഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കുക എന്നതാണ് ഓൺ സൈറ്റ്, ഓൺ ലൈൻ വിജിൽ വിസിറ്റിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. എല്ലാ വകുപ്പുകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും പദ്ധതി സ്ഥലത്ത്, നടപ്പാക്കുന്ന സമയം നേരിട്ട് നിരീക്ഷിച്ച് മനസ്സിലാക്കി അഴിമതി തടയുക എന്നത് കടമയായി കരുതണമെന്ന് വകുപ്പ് ഓർമിപിക്കുന്നു. ജനങ്ങൾ നേരിട്ട് കാണുകയും നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന അഴിമതി വിവരങ്ങൾ പുതിയ മൊബൈൽ ആപ്ലിക്കേഷനിൽ പോസ്റ്റ് ചെയ്യാവുന്നതാണ്. ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയിൽ ഏതും പോസ്റ്റ് ചെയ്യാം. ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നവരെപറ്റിയുള്ള വിവരം വകുപ്പ് പുറത്ത് അറിയിക്കുകയില്ല. പരാതികൾ അന്വേഷിക്കുകയും കഴമ്പുണ്ടെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്യും .വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയാണ് മാറ്റി വയ്ക്കുന്നതെന്ന് ഡോ. തോമസ് ജേക്കബ് പറഞ്ഞു. ഈ തുകയിൽ 20 മുതൽ 40 ശതമാനം വരെ ചോർച്ചയുണ്ടാകുന്നു. ഇത് തടയുകയാണെങ്കിൽ ആശുപത്രികളുടെയും റോഡുകളുടെയും വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.