കൂട്ടിയും കിഴിച്ചും മുന്നണികള് ; 'നെയ്യാറ്റിൻകര' ആർക്കൊപ്പം

കൂട്ടിയും കിഴിച്ചും മുന്നണികള് 'നെയ്യാറ്റിൻകര' ആർക്കൊപ്പം നെയ്യാറ്റിൻകര: രാഷ്ട്രീയ ചൂടേറിയ ചർച്ചകൾക്ക് ഇനി ഒരൽപ്പം വിശ്രമം. തെരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞതോടെ പട്ടണം ശാന്തമായി. കണക്കൂകുട്ടലുകൾ പാഴാകില്ല എന്ന പതിവ് ആത്മവിശ്വാസത്തിലാണ് ഇക്കുറിയും മുന്നണികൾ. കാലാകാലങ്ങളായി ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണായിരുന്നു നെയ്യാറ്റിൻകര പട്ടണം. വർഷങ്ങൾ മാറിമറിഞ്ഞപ്പോൾ കോൺഗ്രസിനെയും തുണച്ചിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത വിധം ബിജെപിയും താലൂക്കിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലമായി ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് അരങ്ങേറിയത്. 44 വാർഡുകളുള്ള നഗരസഭയിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കി ഇടതുപക്ഷം ജനമനസ്സുകളിൽ ഇടം പിടിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 2000 വീടുകളാണ് നെയ്യാറ്റിൻകരയിൽ നഗരസഭ നിർമിച്ചു നൽകിയത്. ഈരാറ്റിൻപുറം ടൂറിസം കേന്ദ്രത്തിന് ഭൂമി ഏറ്റെടുത്ത് നൽകുകയും യാഥാർത്ഥ്യമാക്കുകയും ചെയ്തത് ഇടതു മുന്നണി സർക്കാരിന്റെ കാലത്താണ് എന്നാണ് എൽ ഡി എഫിന്റെ അവകാശവാദം. നിരവധി വാഗ്ദാനങ്ങളാണ് ഇടതുമുന്നണി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്. പെരുമ്പഴുതൂർ ജംഗ്ഷൻ വികസനം,അക്ഷയ് ഷോപ്പിങ് കോംപ്ലക്സിലെ മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണം, ഓലത്താന്നി പി എച്ച് സി യിൽ ലാബ് മന്ദിരം, പൊതു വിദ്യാലയങ്ങളിലെ ഹൈടെക് ക്ലാസ് മുറികൾ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഇടതുമുന്നണി. വിവാദങ്ങളെ വികസനം കൊണ്ട് തടയുക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സ്വീകരിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടതുമുന്നണിയുടെ പ്രവർത്തനം തങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ തുണയാകുമെന്നാണ് എൽഡിഎഫ് പറയുന്നത്. ക്ഷേമപെൻഷനുകൾ 600 നിന്ന് 1400 രൂപയാക്കി വർധിപ്പിച്ചത് ഈ സർക്കാരിന്റെ കാലത്തെന്നതാണ് അവർ ഉന്നയിക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റമുണ്ടാക്കുകയും കാർഷികോൽപാദനം വർധിപ്പിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമാക്കുകയും ചെയ്ത് വികസനങ്ങളുടെ പെരുമഴ സൃഷ്ടിക്കാനാണ് സർക്കാരും നഗരസഭാ പ്രതിനിധികളും നേതൃത്വം നൽകിയത്. തെരഞ്ഞെടുപ്പിന്റെ അവസാനലാപ്പിലും വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഗൃഹസമ്പർക്കമടക്കമുള്ള പ്രവർത്തനങ്ങൾക്ക് നഗരസഭ ചുക്കാൻ പിടിച്ചത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസും തെല്ലൊന്നും പുറകിലലായിരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണമാണ് കഴിഞ്ഞ അഞ്ചുവർഷം നടന്നതെന്നാണ് കോൺഗ്രസ് പ്രതിനിധികൾ പറയുന്നത്. അഴിമതി തമ്പുരാക്കന്മാരാണ് ഈ നാട് ഭരിച്ചതെന്നും അവർ കുറ്റപ്പെടുത്തുന്നു. ആലുംമൂട്ടിൽ ബാർ തുങ്ങാൻ ഗേൾസ് സ്കൂളിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് മുതൽ രാമേശ്വരത്ത് വീടില്ലാത്ത റിയൽ എസ്റ്റേറ്റ് മാഫിയ നിന്നും ലക്ഷങ്ങൾ വാങ്ങി റോഡ് നിർമ്മിച്ചത് വരെയുള്ള അഴിമതിക്ക് നേതൃത്വം നൽകുന്ന സംഘമാണ് കേരളത്തിലെ എൽഡിഎഫ് എന്നതാണ് യുഡിഎഫ് അവകാശവാദം.കൊവിഡ് കാലത്ത് ലഭിച്ച 51 ലക്ഷം അട്ടിമറി നടത്തിയതായും യു ഡി എഫ് പ്രതിനിധികൾ പറയുന്നു. നെയ്യാറ്റിൻകര നഗരസഭയിൽ ബിജെപി അഞ്ച് സീറ്റുകളാണ് ലക്ഷ്യമിട്ടത്.ഇവിടങ്ങളിൽ കൂടുതൽ ആധിപത്യം ചെലുത്തി കൂടുതൽ വാർഡുകൾ പിടിച്ചെടുക്കാമെന്ന് മുന്നണി കണക്കുകൂട്ടുന്നു.എന്നാൽ, ടൗണിലെ ആലുംമൂട് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയും വിമതനും മത്സരിക്കുന്നതോടെ ആ സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നും ചില അഭ്യൂഹങ്ങളുണ്ട്.പ്ലാവിള വാർഡിൽ ബിജെപി സ്ഥാനാർഥിക്കുള്ളത് ശുഭകരമായ പ്രതീക്ഷയാണ്. ഇടതുമുന്നണിയുടെ കയ്യിൽനിന്നും ബിജെപിക്ക് സീറ്റ് പിടിച്ചെടുക്കാനുള്ള സമ്മർദ്ദ തന്ത്രവും ഒപ്പം സാധ്യതയും തള്ളിക്കളയാനാകില്ല. കഴിഞ്ഞകൊല്ലം കോൺഗ്രസ് ഭരിച്ച കൂട്ടപ്പന വാർഡ് ഇത്തവണ ബിജെപിയെ തുണയ്ക്കുമെന്നാണ് കരുതുന്നത്. സ്ഥാനാർഥി ജനസമ്മതനും സുപരിചിതമായത് ഇവിടെ നേട്ടമുണ്ടാക്കുമെന്നും മുന്നണിക്ക് പ്രതീക്ഷയുണ്ട്. എൽഡിഎഫ് വിജയിച്ചാൽ പാർട്ടി ഏര്യ സെക്രട്ടറി കൂടിയായ പി കെ രാജ്മോഹനെയാകും നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്. ഇരുപത്തഞ്ചു കൊല്ലമായി രാഷ്ട്രീയരംഗത്ത് പ്രവർത്തന പരിചയമുള്ള രാജ്മോഹന് വിജയം സുനിശ്ചിതമാകുമെന്നാണ് പാർട്ടി കരുതുന്നത്. അധ്യാപകനായും, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി പ്രവർത്തിച്ചും അദ്ദേഹം കർമ്മമണ്ഡലങ്ങളിൽ സജീവമാണ്. തെരഞ്ഞെടുപ്പിൽ രാജ്മോഹന് ഇതി കന്നിയങ്കമാണ്. അത്താഴമംഗലം വാർഡിൽ നിന്ന് മത്സരിക്കുന്ന കെ കെ ഷിബുവിനെയാകും തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി നിർദ്ദേശിക്കുക.പതിനഞ്ച് കൊല്ലത്തോളമായി ഇടതുമുന്നണിയുടെ പ്രധാന ചുമതലകളിൽ സജീവമാണ് ഷിബു. എസ്എഫ്ഐയിലൂടെ പ്രവർത്തനരംഗത്തെത്തിയ അദ്ദേഹം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും, നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.2015 ൽ നഗരസഭാ വൈസ് ചെയർമാനായിരുന്നു. കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചാൽ എൽഎസ് .ഷീലയോ ,ജോസ് ഫ്രാങ്കിളിനോ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത. വിധി നിർണയത്തിനായി 8 നാൾ മാത്രം ബാക്കി നിൽക്കേ നെഞ്ചിടിപ്പോടെ വിജയപ്രതീക്ഷയിലാണ് മുന്നണികൾ. കൊവിഡ് പശ്ചാതലത്തിൽ നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചരണം ഇത്തവണ ഉണ്ടായിരുന്നില്ല. പരസ്യപ്രചരണവും നിശ്ശബ്ദ പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് വിശ്രമത്തിലാണ് മുന്നണികൾ.വോട്ട് അഭ്യർഥന മിക്ക വാര്ഡുകളിലും വ്യക്തി പരമായിരുന്നു .ജാതിയും മതവും വോട്ടിനു ആധാരമായി നെയ്യാറ്റിൻകര മുൻസിപാലിറ്റിയിൽ 74.26 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.നെയ്യാറ്റിൻകര നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രം ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ്. 16 ന് ജനാധിപത്യത്തിന്റെ ഉത്സവത്തിന് തിരശ്ശീല വീണു കൊണ്ട് വോട്ടെണ്ണൽ നടക്കും. രാവിലെ എട്ടുമണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. രാവിലെ പത്ത് മണിയോടെ നഗരസഭയിലെ രാഷ്ട്രീയ ചിത്രം തെളിയും.