പോലീസ് സ്റ്റേഷനിൽ മലംപാമ്പ്

പോലീസ് സ്റ്റേഷനെ ’ചുറ്റിച്ച‘മലമ്പാമ്പിനെ പിടികൂടി പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരമധ്യത്തിൽ പോലീസ് സ്റ്റേഷൻ വളപ്പിലെ കൂറ്റൻ ചീനി മരത്തിൽ കാണപ്പെട്ട വലിയ മലമ്പാമ്പിനെ പിടികൂടി. ഇന്നലെ പുലർച്ചെ പാതയ്ക്കരയിൽ നിന്നും പിടികൂടിയ പാമ്പിനെ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പോലീസ് വളപ്പിലെ മരത്തിൽ മലമ്പാമ്പിനെ ചാക്കിൽ കെട്ടിയിട്ടതിന് ശേഷം പോലീസ് വനംവകുപ്പിന് വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തുന്നതിനു മുമ്പ് പാമ്പ് ചാക്കിൽ നിന്നും രക്ഷപെട്ട പാമ്പ് മരത്തിനു മുകളിൽ കയറുകയായിരുന്നു.രാവിലെയാണ് പാമ്പിനെ പോലീസുകാരും നാട്ടുകാരും മരത്തിൽ കണ്ടത്.വിവരമറിഞ്ഞ നാട്ടുകാർ സംഭവസ്‌ഥലത്ത് തടിച്ചു കൂടി. സേവ്സ് നെയ്ക്കസ് സ്നെയ്ക്ക് ക്ലബ്ബിന്റെ പ്രസിഡന്റും പാമ്പുപിടിത്തക്കാരനുമായ പി.ജെ.സ്റ്റിബിൻ ഉണ്ണി വിവരമറിഞ്ഞ് സംഭവസ്‌ഥലത്തെത്തി. വനം വകുപ്പുദ്യോഗസ്‌ഥരും എത്തിച്ചേർന്നു. തോട്ടി ഉപയോഗിച്ച് പാമ്പിനെ താഴെയിറക്കാനുള്ള ശ്രമം വിജയിച്ചില്ല. ഒടുവിൽ വലിയങ്ങാടി സ്വദേശി സലിം എന്നയാളെ മരത്തിൽ കയറ്റി പാമ്പിരുന്ന കൊമ്പ് വെട്ടി കയറിൽ തൂക്കിയിറക്കുകയായിരുന്നു. നിലം തൊടുന്നതിനു മുമ്പ് പി.ജെ.സ്റ്റിബിൻ പാമ്പിനെ പിടികൂടി. വനത്തിൽ തുറന്നു വിടാനായി കാളികാവ് ഡിവിഷൻ വനംവകുപ് ഉദ്യോഗസ്‌ഥരായ സരീഷ്, സുധീഷ്, അലി എന്നിവരെ ഏൽപ്പിച്ചു. പത്തടിക്കു മേൽ നീളവും പന്ത്രണ്ട് കിലോഗ്രാമിലധികം ഭാരവും വരുന്ന ആൺപാമ്പാണ് അതെന്ന് സ്റ്റിബിൻ പറഞ്ഞു