വാവാ സുരേഷിന് പാമ്പുകടിയേറ്റു

മാന്നാർ: പാമ്പിനെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനിടയിൽ വീണ്ടും വാവ സുരേഷിനു കടിയേറ്റു. പുത്തൻ തലമുറിയിലെ വിദ്യാർഥികളെ വിവിധ ഇനം പാമ്പുകളെ കുറിച്ചും അതി ജീവന മാർഗത്തെ കുറിച്ചും പഠിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഇന്നലെ മാന്നാർ നായർ സമാജം സ്കൂളിലെ നേച്ചർ ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൈവശം ഉണ്ടായിരുന്ന വിവിധയിനം പാമ്പുകളെ തിരിച്ചറിയുന്ന രീതിയാണ് വിദ്യാർഥികളെ ആദ്യം പഠിപ്പിച്ചത്. തുടർന്ന് പാമ്പുകളുടെ കടിയേറ്റാൽ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ചും അതിനുള്ള പ്രതിരോധ മാർഗങ്ങളെ കുറിച്ചും പഠിപ്പിച്ചു. ഇതിനിടയിൽ കൈയിലുണ്ടായിരുന്ന ഒരു പാമ്പിനെ ചുണ്ടോട് അടുപ്പിച്ച് ഉമ്മ വയ്ക്കുന്നതിനിടയിൽ ചുണ്ടിൽ കടിക്കുകയായിരുന്നു. എന്നാൽ നൂറോളം തവണ തന്നെ പാമ്പ് കടിച്ചിട്ടുള്ളതിനാലും ഇതിനുള്ള പ്രതിരോധ ശക്‌തി തന്റെ ശരീരത്തിനുള്ളതിനാലും ഇപ്പോൾ പാമ്പ് കടിയേറ്റാൽ തനിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് വാവ സുരേഷ് പറഞ്ഞു. എന്നാൽ അനുകരിക്കരുതെന്ന മുന്നറിയിപ്പും നൽകിയാണ് സുരേഷ് വേദി വിട്ടത്.