തിരുവനന്തപുരം ∙ മുന്നണി ധാരണ പാലിക്കാത്തതിന്റെ പേരിൽ കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നു പുറത്താക്കി. ജോസ് വിഭാഗത്തെ നടുക്കുകയും പി.ജെ. ജോസഫ് വിഭാഗത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്ത തീരുമാനത്തിന്റെ പ്രത്യാഘാതമെന്നോണം മുന്നണി ബന്ധങ്ങളിലെ മാറ്റങ്ങൾക്കു വരെ സംസ്ഥാന രാഷ്ട്രീയം കാതോർക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റ നിർദേശം പാലിക്കാത്തതിന്റെ പേരിലാണു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ കന്റോൺമെന്റ് ഹൗസിൽ കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവച്ച് ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന നിർദേശം ജോസ് വിഭാഗം തളളിയതിനാൽ അവർക്കു യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നായിരുന്നു കന്റോൺമെന്റ് ഹൗസിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്റെ പ്രഖ്യാപനം. ഘടകകക്ഷികളുമായെല്ലാം സംസാരിച്ചു ഏകകണ്ഠ തീരുമാനമാണെന്നും അറിയിച്ചു. വിഷയത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനത്തിനൊപ്പമാണു മുസ്ലിം ലീഗ് എന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. പാർട്ടിയുടെ ആത്മാഭിമാനമാണു വലുതെന്നും ഭാവി കാര്യങ്ങൾ ഇന്നു രാവിലെ സ്റ്റിയറിങ് കമ്മിറ്റി ചർച്ച ചെയ്യുമെന്നു ജോസ് കെ. മാണി പറഞ്ഞു.