നെയ്യാറ്റിൻകര :സംയോജിത ചെക്പോസ്റ്റിൽ പരിശോധനയുടെ പേരിൽ തമ്മിലടി അമരവിള: സംയോജിത ചെക്പോസ്റ്റിൽ പരിശോധനയുടെ പേരിൽ എക്സൈസും വാണിജ്യ നികുതി വിഭാഗവും തമ്മിൽ തർക്കത്തിൽ. കഴിഞ്ഞ ശനിയാഴ്ച തിരുവന്തപുരത്തേക്ക് കൊണ്ടു പോയ സ്വർണം പിടിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്.അന്ന് സ്വർണം പിടികൂടുമ്പോൾ എക്സൈസിനൊപ്പം വാണിജ്യ നികുതി വിഭാഗത്തിലെ ഉദ്യോഗസ്‌ഥനും ഉണ്ടായിരുന്നെങ്കിലും തങ്ങളാണ് സ്വർണം പിടികൂടിയതെന്നാണ് എക്സൈസിന്റെ വാദം . എന്നാൽ അന്നേ ദിവസം രാവിലെ ചെക്പോസ്റ്റിൽ കോഴികുഞ്ഞുങ്ങളുമായി പരിശോധന കൂടാതെ കടന്ന വാഹനം ചെക്പോസ്റ്റിന് തൊട്ടടുത്ത് നിന്ന് വാണിജ്യ നികുതി വിഭാഗം ഇന്റെലിജെൻസ് പിടികൂടി മൂന്നര ലക്ഷം രൂപ പിഴയിട്ടിരുന്നു . ഈ തർക്കമാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്നാണ് വാണിജ്യ നികുതി വിഭാഗത്തിന്റെ വിശദികരണം . ശനിയാഴ്ചക്ക് ശേഷം മൂന്നു ദിവസം പ്രശ്നങ്ങളൊന്നുമില്ലായിരുന്നെങ്കിലും ഇന്നലെ പരിശോധനയിലുണ്ടായിരുന്നവർ ഡ്യൂട്ടിയിലെത്തിയതോടെ പ്രകോപനവുമായി എക്സൈസ് വരുകയായിരുന്നെന്നാണ് വാണിജ്യ നികുതി വിഭാഗം പറയുന്നത്. രാവിലെ മുതൽ അസഭ്യ വർഷങ്ങളുമായി എത്തിയ എക്സൈസ് ഉച്ചയോടെ കൈയ്യാങ്കളിയിലേക്ക് എത്തിയെന്ന് നെയ്യാറ്റിൻകര പോലിസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെയുളളവർ സമവായത്തിന് ശ്രമിച്ചെങ്കിലും തർക്കം തുടരുകയാണ്.