മോഹനനും 50 പവനും 50,000 രൂപയും സ്‌കൂട്ടറും ഉള്‍പ്പെടെ കാണാതായിട്ട് 50 ദിവസം കഴിയുമ്പോളും തുമ്പില്ലാതെ പോലീസ്

തിരുവനന്തപുരം : കുളപ്പട സുവര്‍ണ നഗര് ഏദന് നിവാസില് കെ. മോഹനനെ (56) 50 പവനും 50,000 രൂപയും സ്‌കൂട്ടറും ഉള്‍പ്പെടെ കാണാതായിട്ട് 50 ദിവസം പിന്നിട്ടിട്ടും ഒരു തുമ്പുമില്ല. ബാങ്കില് നിന്ന് വരുന്ന വഴി മേയ് 8 നാണ് മോഹനനെ കാണാതായത്. വിവരം തരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ഉള്‍പ്പെടെ മോഹനനെ കണ്ടെത്താന് എല്ലാ മാര്‍ഗങ്ങളും പ്രയോഗിച്ചിട്ടും ഇനിയും ഒരു തുമ്പും കിട്ടിയില്ല. ഫോണ് രേഖകളും സാമ്പത്തിക ഇടപാടുകളുമടക്കം പരിശോധിച്ച് ‘വലിയ’ സാധ്യതകളെല്ലാം വിലയിരുത്തിയ പൊലീസ് ഇപ്പോള് ‘ചെറിയ സാധ്യതകള്‍ക്കു’ പിന്നാലെയാണ്. ഭാര്യാ സഹോദരന് പറണ്ടോട്ട് നടത്തുന്ന ഫിനാന്‍സ് സ്ഥാപനത്തില് 10 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു മോഹനന്. അവിടെനിന്ന് സ്വര്‍ണം പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രഭാതശാഖയില് കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും വര്‍ഷങ്ങളായി മോഹനനാണ്. പതിവുപോലെ ബാങ്കില് പോയി തിരികെ വരുന്നതിനിടയിലാണ് വാഹനം സഹിതം അപ്രത്യക്ഷനായത്. പേരൂര്‍ക്കട- നെടുമങ്ങാട് റോഡില് കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനന് എത്തിയതായി തെളിവുണ്ട്. കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളില് 11.02 ന് മോഹനന് സ്‌കൂട്ടറില് കടന്നുപോയതായി കാണുന്നുണ്ട്. പിന്നീടാണ് കാണാതായത്. തട്ടികൊണ്ടുപോകാന് സാധ്യതയുണ്ടെന്ന് ബന്ധുക്കള് പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചു. ലോക്ഡൗണ് കാലമായതിനാല് ജില്ല വിട്ടുപോകാന് ശ്രമിച്ചാല് അതിര്‍ത്തിയില് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടേണ്ടതാണ്. അതിര്‍ത്തി ചെക്‌പോസ്റ്റുകള് വഴി സംശയകരമായ രീതിയില് വാഹനങ്ങള് കടന്നുപോയിട്ടില്ല. ജില്ലയ്ക്കുള്ളില് നടത്തിയ തിരച്ചിലും വിഫലം. തട്ടികൊണ്ടുപോയതാണെങ്കില് കൊലപ്പെടുത്തിയോ ആഭരണങ്ങളും പണവും തട്ടിയെടുത്തതിനുശേഷമോ ഉപേക്ഷിക്കണം. അതിനുമുള്ള തെളിവില്ല. പണം ആവശ്യപ്പെട്ട് ആരും കുടുംബത്തെ ബന്ധപ്പെട്ടിട്ടുമില്ല. മോഹനന് സാമ്പത്തിക ബാധ്യത ഇല്ലെന്നു ബന്ധുക്കള് പറയുന്നു. ലോക്ഡൗണ് കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം കുറവായിരുന്നു. മുന്‍പ് ഇതിനേക്കാള് അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കള് വ്യക്തമാക്കുന്നു. ജില്ലയിലെ പല ഗുണ്ടാസംഘങ്ങളെയും ചോദ്യം ചെയ്തു. മിക്ക കേസുകളിലും ആദ്യ തുമ്പുകള് പൊലീസിന് ലഭിക്കുന്നത് മൊബൈല് ഫോണ് വഴിയാണ്. ഈ കേസില് ഫോണും പൊലീസിനെ സഹായിച്ചില്ല. ഒരു സാധാരണ ഫോണാണ് മോഹനന് ഉപയോഗിച്ചിരുന്നത്. ഫോണിലേക്കു വിളി വന്ന അഞ്ഞൂറിലധികം നമ്പരുകള് പൊലീസ് പരിശോധിച്ചെങ്കിലും കേസിനു സഹായകരമായി ഒന്നും കണ്ടെത്താനായില്ല. സംഭവ ദിവസം പണമിടപാട് സ്ഥാപനത്തില്‍നിന്ന് 2 തവണ കോള് വന്നതൊഴിച്ചാല് മറ്റു കോളുകളുമില്ല. കരകുളത്തെ കടയിലെ സിസിടിവിയില് മോഹനന് സ്‌കൂട്ടറില് പോകുന്ന ദൃശ്യമുണ്ട്. എന്നാല് പോകുന്ന വഴിയില് അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില് മോഹനനില്ല. ഈ ഭാഗങ്ങളില് വൈദ്യുതി ഇല്ലാത്തതിനാല് പല കടകളുടെയും സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. വൈദ്യുതി തടസ്സത്തിന്റെ കാരണങ്ങളെക്കുറിച്ചുപോലും പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനോടകം ധ്യാന കേന്ദ്രങ്ങളിലും പള്ളികളിലുമെല്ലാം പൊലീസ് മോഹനനെ തിരഞ്ഞു. തൃശൂരിലെ ധ്യാനകേന്ദ്രങ്ങളിലെത്തി നോട്ടിസ് ഒട്ടിച്ച് മടങ്ങി. ഇനി മറ്റു സംസ്ഥാനങ്ങളിലാണ് അന്വേഷിക്കാനുള്ളത്. കോവിഡ് കാലമായതിനാല് അതിനും കഴിയാത്ത അവസ്ഥയിലാണ് പോലീസ്.