കള്ളപ്പണം വെളുപ്പിക്കാൻ ശ്രമമെന്നു പോലീസ് റെയ്ഡ് വ്യക്‌തിവൈരാഗ്യംതീർക്കാനെന്ന് ഉടമ

തൊടുപുഴ: മറയൂരിൽ കള്ളപ്പണം വെളുപ്പിക്കാൻ പണം അരിയാക്കി മാറ്റിയെന്ന ആരോപണത്തെത്തുടർന്ന് പോലീസ് അരി ഗോഡൗൺ കസ്റ്റഡിയിലെടുത്തു പരിശോധന ആരംഭിച്ചു.ഇടുക്കി എസ്പിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് മൂന്നാർ സിഐയുടെ നേതൃത്വത്തിൽ മറയൂർ എസ്ഐയും സംഘവുമാണ് ഗോഡൗണിൽ പരിശോധന നടത്തുന്നത്. മറയൂരിൽ അരിക്കച്ചവടം നടത്തിവരുന്ന തേവർമഠത്തിൽ സ്പൈസസ് എന്ന സ്‌ഥാപനത്തിന്റെ പുതിയതായി പണികഴിപ്പിച്ച അരി ഗോഡൗണിലാണ് പരിശോധന. ഒരാഴ്ച മുൻപ് ഉദ്ഘാടനംചെയ്ത ഗോഡൗണിൽ മൂന്നു ടോറസ് ലോറികളിലായി 1230 ലധികം ചാക്ക് അരി സ്റ്റോക്ക് ചെയ്തിരിക്കുന്നതായാണ് പോലീസിനു കിട്ടിയ വിവരം.ഗോഡൗണിൽ ആന്ധ്രാപ്രദേശിൽനിന്നും ഇറക്കിയ ജയ, ഗൃഹലക്ഷി, കെഎസ്ആർ, ബെൽ എന്നീ കമ്പനികളുടെ അരികളാണ് സ്റ്റോക്കുചെയ്തിരിക്കുന്നതെന്നാണ് ഉടമ പറഞ്ഞത്.സ്‌ഥലത്ത് തമ്പടിച്ചിരിക്കുന്ന മൂന്നാർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റോക്കുചെയ്തിരിക്കുന്ന അരിച്ചാക്കുകൾ എണ്ണി തിട്ടപ്പെടുത്തി വരികയാണ്. എണ്ണി തിട്ടപ്പെടുത്തി സെയിൽടാക്സ് വിജിലൻസ്, ഇൻകം ടാക്സ്, താലൂക്ക് സപ്ലൈ ഓഫീസർ അടങ്ങുന്ന സംഘത്തിന് റിപ്പോർട്ട് ഇന്ന് കൈമാറും. അവരുടെയും സൂക്ഷ്മപരിശോധനയ്ക്കുശേഷമേ വ്യക്‌തമായ വിവരം അറിയുവാൻ സാധിക്കുകയുള്ളൂ എന്നു പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന മൂന്നാർ സർക്കിൾ ഇൻസ്പെക്ടർ സാം ജോസ് അറിയിച്ചു.ഗോഡൗണിൽ സുക്ഷിച്ചിരിക്കൂന്ന അരിയുടെ മുഴുവൻ ബില്ലുകൾ കൈവശമുണ്ടെന്നും ഇപ്പോൾ നടക്കുന്ന റെയ്ഡ് വ്യക്‌തിവൈരാഗ്യം തീർക്കാൻ ആരോ കെട്ടിച്ചമച്ച പരാതിമൂലമാണെന്നും ഉടമ പറഞ്ഞു..