തമിഴ്നാടിൻറെ സൗജന്യ ബസ്സിൽ :ബസ് ജീവനക്കാരുടെ പണപ്പിരിവ്

തമിഴ്നാട് ട്രാൻസ്പ്പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ ബസ് ജീവനക്കാരുടെ പണപ്പിരിവ് ▶️ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് അകമ്പടി വാഹനം നൽകാതെ പോലീസ് ▶️ഏകോപനമില്ലായ്മയെന്ന് ആക്ഷേപം തിരുവനന്തപുരം : ജലന്ധറിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി കഴിഞ്ഞ ദിവസമെത്തിയ തീവണ്ടിയിൽ തമിഴ്നാട്ടിലെ യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടു പോകാനെത്തിയ ബസ്സ് ജീവനക്കാർ കാണിച്ചത് ഗുരുതര ചട്ടലംഘനം.തിരുവനന്തപുരത്തെ യാത്രക്കാരെ യഥാസമയം സർക്കാർ സജ്ജികരിച്ചിട്ടുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റിയപ്പോൾ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരുക്കിയ ബസ്സിൽ തമിഴ്നാട്ടിലേക്കുള്ള യാത്രക്കാർക്ക് നേരിടേണ്ടി വന്നത് കടുത്ത ദുരവസ്ഥ. ഇവർക്ക് യാത്രക്കുള്ള ബസ്സ് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വരെ സൗജന്യമായി തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിരുന്നു.തിരുവനന്തപുരത്ത് നിന്ന് ബസ് പുറപ്പെട്ട് പ്രാവച്ചമ്പലം പിന്നിട്ടപ്പോൾ ബസ്സിന് അകമ്പടിയുണ്ടായിരുന്ന പോലീസ് സംഘവും മുങ്ങി. പ്രാവച്ചമ്പലത്ത് നിന്നും നരുവാമൂട് വഴി ബസ് തേമ്പാമുട്ടത്തെ ചാനൽ പാലത്തിയപ്പോൾ ബസ് ജീവനക്കാർ ഓരോ യാത്രക്കാരിൽ നിന്നും 150 രൂപ വീതം നൽകാൻ ആവശ്യപ്പെട്ടു.ഇത് നൽകാൻ ഭൂരിഭാഗം യാത്രക്കാരും തയ്യാറായില്ല.ഇതോടെ തുടർന്ന് ബസ്സ് സർവീസ് നടത്തില്ലെന്ന നിലപാടിലായി കണ്ടക്ടറും ഡ്രൈവറും.പോലീസ് വീഴ്ചയും സംഭവത്തിലുണ്ടായി. ഓരോ പോയിന്റ് കഴിയുമ്പോഴും അതാത് പോലീസ് സ്റ്റേഷനിലെ വാഹനം അകമ്പടി പോകണമെന്നുള്ളതും ഇക്കാര്യത്തിൽ പാലിച്ചില്ല.മാത്രമല്ല, ബസ് തേമ്പാമുട്ടം ഭാഗത്തെത്തിയപ്പോൾ ചിലർ ബസ്സിൽ നിന്ന് പുറത്തേക്കിറങ്ങി.ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെ സ്ഥലത്ത് വാക്കേറ്റവും ചെറിയ തോതിൽ സംഘർഷവുമായി.ഇതിലും പോലീസ് വീഴ്ച പകൽ പോലെ വ്യക്തം.ബാലരാമപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സംഭവസ്ഥലത്തെത്തുന്നത് ഏറെ വൈകിയാണ്. ഏകോപനമില്ലായ്മയും സംഭവത്തിന്റെ ഗൗരവവും മനസ്സിലാക്കാതെയായിരുന്നു പോലീസിന്റെ ഇടപെടൽ.സ്റ്റേഷനിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഇതിന് മുൻപും നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കൊവിഡ് ജാഗ്രതയിൽ കേരളം നിർണായക ഇടപ്പെടലുമായി മുന്നോട്ട് പോകുമ്പോഴാണ് പോലീസിന്റെ വീഴ്ച. സംഭവത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണവും നടപടിയും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഒരു മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പോലീസ് ബസ്സ് യാത്രക്കാരുമായി കളിയിക്കാവിള ചെക്ക് പോസ്റ്റ് പരിസരമായ ഇഞ്ചിവിളയിലേക്ക് യാത്ര തിരിച്ചത്. ഫോട്ടോ : ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകാനെത്തിയ തമിഴ്നാട് ട്രാൻസ്പ്പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ ജീവനക്കാർ പണപ്പിരിവ് നടത്തുന്നു