ഇന്ത്യയിൽ ലോക്ഡൗൺ മേയ് 31 വരെ നീട്ടി സംസ്ഥാനത്തിനകത്തും പുറത്തേക്കും യാത്ര അനുവദിക്കാം; വിമാനം, മെട്രോ റെയിൽ വേണ്ട ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് ലോക്ഡൗൺ മേയ് 31 വരെ നീട്ടി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എൻഡിഎംഎ) ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ ലോക്ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകൾക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു. വിവാഹത്തിന് 50 പേർ, മരണാനന്തര ചടങ്ങിൽ 20, കടകളിൽ 5: ഇളവുകൾ ഇങ്ങനെ... ∙ ആരാധനാലയങ്ങൾ, റസ്റ്ററന്റുകൾ, തീയറ്ററുകൾ, മാളുകള്, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും. ∙ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്കും, എന്നാൽ കാഴ്ചക്കാരെ അനുവദിക്കില്ല. ∙ എയർ ആംബുലൻസുകൾക്കു വിലക്കില്ല. ∙ മാളുകളിലെയും കണ്ടെയ്ൻമെന്റ് സോണുകളിലെയും ഒഴികെയുളള ഷോപ്പുകൾ മേയ് 18 മുതൽ തുറന്നു പ്രവർത്തിക്കും, എന്നാൽ ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം. ∙ എല്ലാ തരത്തിലുമുള്ള സാമൂഹിക–രാഷ്ട്രീയ–വിനോദ–വിദ്യാഭ്യാസ–സാംസ്കാരിക–മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും 31 വരെ പൂർണമായും വിലക്കി.