അടുത്ത 24 മണിക്കൂറിൽ ഉം–പുൻ അതിതീവ്രമാകും; 11 ലക്ഷത്തോളം പേരേ ഒഴിപ്പിക്കേണ്ടി വരും അടുത്ത 24 മണിക്കൂറിൽ ഉം–പുൻ ചുഴലിക്കാറ്റ് അതീതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും അറിയിച്ചു. ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ പതിനൊന്നു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും അതിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു നിന്ന് പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 12 മണിക്കൂറിൽവേഗത കുറച്ച് നീങ്ങുന്ന ഉം–പുൻ ബംഗാളിലെ ദിഗ ബംഗ്ലദേശിലെ ഹാത്തിയ ദ്വീപുകളിലൂടെ വേഗത കൂട്ടി മേയ് 20ന് ശക്തമായ ചുഴലിക്കാറ്റായി മാറിയേക്കും. ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ മേയ് 18ന് ശക്തമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ട്. മേയ് 19ന് മഴ അതിശക്തമായേക്കും. ഇരുപതോടെ ഒഡീഷയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.