തിരുവനന്തപുരം: ജില്ലാ റവന്യു സ്കൂൾ കായികമേളയിൽ നെയ്യാറ്റിൻകര ഉപജില്ല സ്വന്തമാക്കി. 18സ്വർണവും 12 വെള്ളിയും 10 വെങ്കലവുമടക്കം 168 പോയിന്റുമായാണ് നെയ്യാറ്റിൻകര കിരീടം ചൂടിയത്. ആറ് സ്വർണവും 13 വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 107 പോയിന്റുമായി തിരുവനന്തപുരം നോർത്താണ് രണ്ടാം സ്‌ഥാനത്ത്. 31 പോയിന്റുമായി പാറശാല ഉപജില്ലയാണ് മൂന്നാം സ്‌ഥാനത്ത്.പത്ത് വർഷത്തിലേറെയായി നോർത്ത് കൈയടക്കി വച്ചിരുന്ന കീരീടം തുടർന്ന് രണ്ടു വർഷം മുമ്പാണ് നെയ്യാറ്റിൻകര പിടിച്ചെടുത്തത്. എന്നാൽ കഴിഞ്ഞ വർഷം അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിൽ നോർത്ത് കീരീടം തിരിച്ചെടുത്തു. റിലേ മത്സരങ്ങളിലെ മുൻതൂക്കമാണ് അന്ന് നോർത്തിനു വിജയം സമ്മാനിച്ചത്.എന്നാൽ ഇത്തവണ അതേ റിലേ മത്സരങ്ങളിൽ നാല് സ്വർണവും നാല് വെള്ളിയും നേടി നെയ്യാറ്റിൻകര ശക്‌തമായി തിരിച്ചുവരവ് നടത്തുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം മുതൽ തന്നെ മുന്നേറ്റം തുടരുന്ന നെയ്യാറ്റിൻകര ഉപജില്ല അവസാന ദിവസങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. അരുമാനൂർ എംവിഎച്ച്എസ്എസിന്റെയും കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസിന്റെയും മികവിലാണ് നെയ്യാറ്റിൻകരയ്ക്കു കീരീടം സ്വന്തമാക്കാനായത്.സ്കൂൾ തലത്തിൽ എഴ് സ്വർണവും നാല് വീതം വെള്ളിയും വെങ്കലവും 51 പോയിന്റു നേടി എംവിഎച്ച്എസ്എസ് അരുമാനൂർ ഓവറോൾ കിരീടം നിലനിർത്തുകയായിരുന്നു. ശക്‌തമായ മത്സരം കാഴ്ചവച്ച കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസ് ആറ് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമായി 42 പോയിന്റു നേടി രണ്ടാമതെത്തി.ഒരു സ്വർണവും എട്ട് വെള്ളിയും ഒരു വെങ്കലവുമായി 30 പോയിന്റ് നേടിയ ഹോളി എഞ്ചൽസ് കോൺവെന്റ് എച്ച്എസാണ് മൂന്നാം സ്‌ഥാനത്ത്. സബ് ജണിയർ ആൺകുട്ടികളിൽ സായിയുടെ അനന്തുവും പെൺകുട്ടികളിൽ ഹോളി ഏഞ്ചൽസ് കോൺവന്റ് എച്ച്എസിലെ ദേവിക എസ് മധുവും വ്യക്‌തിഗതചാമ്പ്യന്മാരായി.ജൂണിയർ വിഭാഗം ആൺകുട്ടികളിൽ സായിയുടെ ജഗനാഥും പെൺകുട്ടികളിൽ മേഘമറിയം മാത്യുവും ചാമ്പ്യന്മാരയപ്പോൾ സീനിയർ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടിയ സായിയുടെ അഭിനന്ദ് സുന്ദരേശൻ, അഞ്ജലി അനിൽകുമാർ (എംവിഎച്ച്എസ്എസ് അരുമാനൂർ) എന്നിവരാണ് വ്യക്‌തിഗത പോയന്റ് പട്ടികയിൽ മുന്നിലെത്തിയത്. സബ് ജൂണിയർ ആൺ–പെൺ, ജൂണിയർ ആൺ–പെൺ, സീനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ നെയ്യാറ്റിൻകര ഉപജില്ല ചാമ്പ്യന്മാരായപ്പോൾ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം നോർത്ത് ചാമ്പ്യന്മാരായി.കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെ പ്യൂട്ടി ഡയറക്ടർ എം.കെ. ഷൈൻമോൻ അധ്യക്ഷത വഹിച്ചു.