തേൻ പുരണ്ട ശബ്‌ദം AM രാജ ഓർമയായിട്ടു 31 വർഷം തിരുവനന്തപുരം ; ഏപ്രിൽ 8 മലയാളികളെ സംബന്ധിച്ചിടത്തോളം തീരാത്ത ദുഃഖത്തിന് ഇടയാക്കിയ ഒരു ദിവസം. 1989 ഏപ്രിൽ എട്ടാം തീയതി ഒരു തീവണ്ടി അപകടത്തിൽ ആണ് മലയാളത്തിന്റെ പ്രിയ ഗായകൻ എഎം രാജ നമ്മോട് യാത്ര പറഞ്ഞത്. കാലത്തിന് മായ്ക്കാൻ കഴിയാത്ത മധുരമൂറുന്ന മനോഹരമായ ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച ഗായകനായിരുന്നു എ എം രാജ. 1952-ൽ വിശപ്പിന്റെ വിളിയിൽ ഗാനങ്ങൾ ആലപിച്ചു കൊണ്ടാണ് എ എം രാജ മലയാള സിനിമയിലെത്തുന്നത്. അൻപത് കളും 60 കളും എഴുപതുകളുടെ പകുതിയും കയ്യടക്കി വാണ ഗാനഗന്ധർവൻ ആയിരുന്നു എ എം രാജ. അനുഗ്രഹീത നടൻ സത്യൻ ചിത്രങ്ങളിൽ ആണ് എ എം രാജ ഏറ്റവുമധികം ഗാനങ്ങൾ പാടിയത്. വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നുവീണ ഭാര്യ എന്ന ചിത്രത്തിലെ അതി മനോഹരമായ ഗാനങ്ങൾ മലയാളിയുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. പെരിയാറെ പെരിയാറെ എന്ന് തുടങ്ങുന്ന ഗാനം പി സുശീലയും എ എം രാജയും ചേർന്ന് പാടിയപ്പോൾ അതിന്റെ മനോഹാരിത മറക്കാൻ കഴിയാത്ത ഒന്നായി മാറി. താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ, മാനസേശ്വരി മാപ്പു തരൂ, കാറ്ററിയില്ല കടലറിയില്ല, ചന്ദനപല്ലക്കിൽ എന്നിങ്ങനെ ഒത്തിരി നല്ല ഗാനങ്ങൾ സത്യൻ ചിത്രങ്ങളിൽ എ എം രാജാ പാടി. നൂറോളം മലയാള ചിത്രങ്ങളിൽ പാടിയ എ എം രാജയുടെ സൂപ്പർ ഹിറ്റ് പാട്ടുകൾ തമിഴിലും നിരവധിയാണ്. ജെമിനി ഗണേശൻ ചിത്രങ്ങളിൽ എ എം രാജ പാടിയ പാട്ടുകൾ തമിഴകത്തെ വൻ ഹിറ്റുകളായിരുന്നു. ജെമിനി ഗണേഷിന് വേണ്ടി മാത്രമല്ല ശിവാജി ഗണേശന് വേണ്ടിയും എ എം രാജ ഒത്തിരി ഗാനങ്ങൾ തമിഴകത്ത് പാടിയിട്ടുണ്ട്. കിഴക്കേ മലയിലെ വെണ്ണിലാവൊരു, ആകാശഗംഗയുടെ കരയിൽ എന്നിങ്ങനെയുള്ള ഗാനങ്ങൾ ന്യൂജനറേഷൻ പാടി നടക്കുന്നവയാണ്. ലഹരി ലഹരി എന്ന എം രാജയും ജിക്കിയും ചേർന്ന് പാടിയ പാട്ട്, പനിനീര് പെയ്യുന്ന പൂനിലാവോ, കണ്മണി നീയെൻ കരം പിടിച്ചാൽ, പാലാഴിക്കടവിൽ, ദേവദാരു പൂത്ത നാളൊരു എന്ന ഗാനവും മലയാളിയുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നവയാണ്. മലയാളിയുടെ മനസ്സിൽ ഏറെ ശ്രദ്ധ ചെലുത്തിയ ഒത്തിരി ഗാനങ്ങൾ പാടി കൈരളിക്ക് മധുരമൂറുന്ന ശബ്ദത്തിന്റെ ഉടമ എന്ന പേര് സൃഷ്ടിച്ച എ എം രാജ മരിച്ചിട്ട് ഈ ഏപ്രിൽ എട്ടാം തീയതി 31 വർഷം തികയുകയാണ്. എ എം രാജ ക്കു ശേഷം മലയാളത്തിൽ ഒത്തിരി ഗായക വൃന്ദങ്ങൾ വന്നുവെങ്കിലും തേൻ പുരണ്ട ശബ്ദം പോലെ മധുരമൂറുന്ന ശബ്ദത്തിനുടമയായ ആ ഗായകന് പകരമാകാൻ മറ്റൊരാൾക്കുംകഴിഞ്ഞില്ല എന്നത് വാസ്തവമാണ്. കാലമെത്രകഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആ മധുര ഗായകന് ഒരിക്കൽകൂടി സ്മരണാഞ്ജലികൾ.