; കൊറോണക്കാലത്ത് ‘ഇ–മാസ്ക്’ കൊള്ള തിരുവനന്തപുരം ∙ കഴിഞ്ഞ മാസം ഓൺലൈനിൽ 100 മാസ്ക് 220 രൂപയ്ക്കു ലഭിച്ചെങ്കിൽ ഇപ്പോഴത്തെ വില 999 രൂപ. ചില ഇനത്തിനു 2000 രൂപ വരെ ഈടാക്കുന്നു. എൻ 95 മാസ്ക് 90 രൂപയ്ക്കാണ് ഒരു വർഷം മുൻപു ടെൻഡറിലൂടെ സർക്കാർ വാങ്ങിയത്. എന്നാൽ ചില ഇ കൊമേഴ്സ് സൈറ്റിൽ വില 400 രൂപ കടന്നു. എല്ലാവരും തോന്നിയപോലെ വാങ്ങിക്കൂട്ടിയാൽ ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആവശ്യത്തിനു മാസ്കുകൾ ലഭിക്കാതെ വരുമെന്നു സർക്കാർ മുന്നറിയിപ്പു നൽകി. മാത്രമല്ല മാസ്ക് തെറ്റായ രീതിയിൽ ധരിച്ചാലും പുനരുപയോഗിച്ചാലും അലക്ഷ്യമായി വലിച്ചെറിഞ്ഞാലും ദോഷം ചെയ്യും. മാസ്ക് ഉപയോഗിക്കുന്നതിനു മുൻപും ശേഷവും 20 സെക്കൻഡ് നേരമെടുത്തു കൈകൾ കഴുകണം. മാസ്ക് ധരിക്കേണ്ടത് നീല/പച്ച നിറമുള്ള ഭാഗം പുറമേയും വെളുത്ത ഭാഗം ഉൾവശത്തായും വരുന്ന രീതിയിലാണു ധരിക്കേണ്ടത്. മാസ്കിന്റെ മുകൾ ഭാഗം മൂക്കിനു മുകളിലായി മൂക്കും വായും മൂടുന്ന രീതിയിൽ വച്ചു കെട്ടണം. മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്കു കടക്കുന്നതു ചെറുക്കാനാണു മാസ്ക് ഉപയോഗിക്കുന്നത്. മാസ്കിന്റെ മുൻഭാഗത്തു സ്പർശിക്കരുത്. സ്പർശിച്ചാൽ വീണ്ടും കൈ നന്നായി കഴുകുക. മാസ്ക് അഴിച്ചെടുക്കുമ്പോൾ അതിന്റെ മുൻഭാഗത്തു സ്പർശിക്കരുത്. പിന്നിൽ നിന്ന് അതിന്റെ വള്ളിയിൽ പിടിച്ച് അഴിച്ചെടുക്കുക. എന്നിട്ട് അടപ്പുള്ള മാലിന്യസംഭരണിയിൽ നിക്ഷേപിച്ച ശേഷം കൈകൾ വീണ്ടും വൃത്തിയാക്കുക. സ്വകാര്യസ്ഥാപനങ്ങളിൽ സുരക്ഷ ഒരുക്കണം തിരുവനന്തപുരം ∙ കൊറോണ പശ്ചാത്തലത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നു സർക്കാർ നിർദേശിച്ചു. . ∙ ബയോമെട്രിക് പഞ്ചിങ് നടപ്പാക്കിയിട്ടുള്ള സ്കൂളുകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 31 വരെ അതു നിർത്തി വയ്ക്കണം. ∙ ജീവനക്കാർക്കു മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ തൊഴിലുടമ ലഭ്യമാക്കണം. ∙ ജീവനക്കാരുടെ ആവശ്യാനുസരണം അവധി അനുവദിക്കണം. ∙ ആവശ്യപ്പെടുന്ന പക്ഷം ജോലിക്കായി ഫ്ലെക്സി ടൈം അനുവദിക്കണം ∙ സ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നുണ്ടോയെന്നു സർക്കാർ ഉറപ്പുവരുത്തും.