കേരളത്തിൽ ഭരണസ്തംബനം രമേശ് ചെന്നിത്തല

കേരളത്തിൽ ഭരണം ചില ഭരണാനുകൂല സംഘടനകളുടെ നിയന്ത്രണത്തിലായി എന്നതൊഴിച്ചാൽ ജനോപകാരപ്രദമായ യാതൊരു ഭരണ നേട്ടവും ഉണ്ടാക്കാൻ ആറു മാസമായി പിണറായി സർക്കാരിന് കഴിഞ്ഞിട്ടിലലെ ന്നും ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻജിഒ അസോസിയേഷൻ 42–ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്നത് ഇരട്ടച്ചങ്കന്മാരല്ല മറിച്ച് ഓട്ടച്ചങ്കന്മാരാണെന്നും മാവോയിസ്റ്റ് വേട്ടയുടെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. രാഷ്ട്രീയ കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ സംരക്ഷണത്തിൽ വ്യാപകമായിരിക്കുകയാണ്. സ്ഥലംമാറ്റ ഭീകരതയ്ക്കും അന്യായമായ സസ്പെൻഷനുകൾക്കും എതിരേ അസോസിയേഷൻ നടത്തുന്ന പ്രക്ഷോഭപരിപാടികൾക്ക് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ. രവികുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസൻ, ജോസഫ് വാഴയ്ക്കൻ, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, കെപിസിസി. ജനറൽ സെക്രട്ടറി ലതികാ സുഭാഷ്, കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, എൻ.കെ. ബെന്നി, ഡോ. ശോഭാ സലിമോൻ, എം. ലിജു, കെ.വി. മുരളി, കെ.ജെ. ജോർജ്, എം.ജെ. ബോസ് ചന്ദ്രൻ, ഇ.എൻ. ഹർഷകുമാർ എന്നിവർ പ്രസംഗിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസും കാര്യക്ഷമതയും എന്ന സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ് ടിവി സിഇഒ കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. മങ്ങാട്ട് രാജേന്ദ്രൻ, ചവറ ജയകുമാർ, എ.എം. ജാഫർ ഖാൻ, കെ.എസ്. സുകുമാർ, എൻ.എൽ. ശിവകുമാർ, ജെ. ബെൻസി എന്നിവർ പ്രസംഗിച്ചു. ട്രേഡ് യൂണിയൻ സുഹൃദ് സമ്മേളനം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.