എല്ലാ പോലീസുകാർക്കും ബറേ തൊപ്പി സംസ്ഥാനത്ത് എല്ലാ പോലീസുകാർക്കും ബറേ തൊപ്പി ധരിക്കാമെന്ന് പോലീസ് സ്റ്റാഫ് കൗൺസിൽ ശുപാർശ നൽകി എട്ടുമാസം കഴിഞ്ഞിട്ടും ഉത്തരവിറക്കാതെ സർക്കാർ. കഴിഞ്ഞ മേയ് മാസത്തിൽ ഡി.ജി.പി.യുടെ നേതൃത്വത്തിൽനടന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് എല്ലാപോലീസുകാർക്കും ഒരേ തൊപ്പി നൽകാൻ തീരുമാനിച്ചത്. ഡ്രൈവർമാരും എസ്.പി.റാങ്കിനുമുകളിലുള്ള പോലീസുദ്യോഗസ്ഥരുമാണ് ഇപ്പോൾ ബറേ തൊപ്പികൾ ഉപയോഗിക്കുന്നത്. കേരളത്തിൽ ഡി.ജി.പി. മുതൽ സിവിൽ പോലീസ് ഓഫീസർ വരെയുള്ള തസ്തികകളിലായി 65,000-ത്തോളം ഉദ്യോഗസ്ഥരുണ്ട്. ഇവർക്കെല്ലാവർക്കും വ്യത്യസ്തനിറത്തിലുള്ള ഒരേ തൊപ്പി ഉപയോഗിക്കാമെന്നാണ് സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ബറേ തൊപ്പിയുടെ നിറത്തിന്റെ കാര്യത്തിൽ ചില സംശയങ്ങളുണ്ടായതിനാലാണ് തൊപ്പിയുടെ കാര്യത്തിൽ ഉത്തരവിറക്കാൻ വൈകിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സ്റ്റാഫ് കൗൺസിലിന്റെ നിർദേശപ്രകാരം സിവിൽ പോലീസ് മുതൽ സി.ഐ. റാങ്ക് വരെയുള്ള പോലീസുദ്യോഗസ്ഥർക്ക് കറുപ്പ് ബറേ തൊപ്പിയും ഡിവൈ.എസ്.പി. മുതൽ ഡി.ജി.പി.വരെയുള്ളവർക്ക് റോയൽ ബ്ലൂ തൊപ്പിയുമാണ് നൽകാൻ തീരുമാനിച്ചിരുന്നത്. പാസിങ് ഔട്ട് പരേഡ്, വി.ഐ.പി.കളുടെ സന്ദർശനം, മറ്റ് ഔദ്യോഗികചടങ്ങുകൾ തുടങ്ങിയവയുടെ സമയത്ത് പഴയരീതിയിലുള്ള പീ ക്യാപ്പ് തന്നെ ഉപയോഗിക്കണമെന്നും യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. പീ ക്യാപ്പുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്നുകാണിച്ചാണ് പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡി.ജി.പി.ക്ക് അപേക്ഷ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് കൗൺസിൽ യോഗം എല്ലാവർക്കും ഒരേ തൊപ്പിയാക്കാം എന്ന തീരുമാനത്തിലെത്തിയത്. പലസ്ഥലങ്ങളിലും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുമ്പോൾ പീ ക്യാപ്പുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ബാഗിൽ എടുത്തുവെക്കാനോ പോക്കറ്റിൽ സൂക്ഷിക്കാനോ പ്രയാസമാണ്. സംഘർഷമേഖലകളിലോ ലാത്തിച്ചാർജിനിടയിലോ ആദ്യം തെറിക്കുന്നത് തലയിലുള്ള തൊപ്പിയാണ്. ചൂടുകാലങ്ങളിൽ തലയിൽ പീ ക്യാപ്പ് വെക്കുന്നത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് പോലീസുകാർ പറയുന്നു. സ്റ്റാഫ് കൗൺസിലിന്റെ നിർദേശപ്രകാരം തൊപ്പിമാറ്റാൻ തീരുമാനമെടുത്തിട്ടുണ്ട്. അതിനുശേഷം തൊപ്പിയുടെ നിറവും രൂപവും പഠിക്കാൻ രൂപവത്കരിച്ച കമ്മിറ്റി റിപ്പോർട്ടും ഉൾക്കൊള്ളിച്ചാണ് ശുപാർശ നൽകിയത്. ഉത്തരവിന്റെ കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല.