മോദി ഏകാധിപതി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തണം: മമത ബാനർജി

ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്ന വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഉത്തർപ്രദേശിലെ ലക്നോയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് നോട്ട് പിൻവലിക്കൽ തീരുമാനത്തിന്റെ പേരിൽ മോദിക്കെതിരേ മമത ശക്തമായ വിമർശനമുയർത്തിയത്. സാധാരണക്കാരന്റെ ഭരണഘടനാ അവകാശങ്ങൾ മോദി ഇല്ലാതാക്കിയിരിക്കുകയാണ്. നോട്ട് പിൻവലിക്കലിനുശേഷം വ്യാപാരസ്ഥാപനങ്ങളും കാർഷികമേഖലയും സ്തംഭനാവസ്ഥയിലാണ്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ പോരാട്ടം തുടരും. എംപിമാരോടും നേതാക്കളോടും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ നിർദേശം നൽകിയതിനൊപ്പം തന്നെ മോദിയും അമിത്ഷായും തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാകണം– മമത ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിനു തൊട്ടുമുമ്പ് അമിത്ഷായുടെയും ബിജെപി നേതാക്കളുടെയും പേരിൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് രാജ്യത്തുടനീളം വാങ്ങിക്കൂട്ടിയതെന്നും മമത ആരോപിച്ചു.