കീഴടങ്ങാന്‍ ആവശ്യപ്പെട്ടു, പോലീസിനെ ആക്രമിച്ചു, ഞങ്ങള്‍ വെടിവെച്ചു- വിശദീകരണവുമായി പോലീസ്

കീഴടങ്ങാന്‍ ആവശ്യപ്പെട്ടു, പോലീസിനെ ആക്രമിച്ചു, ഞങ്ങള്‍ വെടിവെച്ചു- വിശദീകരണവുമായി പോലീസ് പോലീസ് വെടിവെച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളാണെന്ന് സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. പ്രതികള്‍ പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. കേസില്‍ ഇവര്‍ക്കെതിരായ ശാസ്ത്രീയമായ തെളിവുകള്‍ എല്ലാം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ വെടിവെയ്ക്കുന്നതിന് മുമ്പ് അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ വെറ്റനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പോലീസ് പിടികൂടിയ നാല് പേര്‍ തെളിവെടുപ്പിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. മുഹമ്മദ് ആരിഫ്, ശിവ,നവീന്‍, ചെല്ല കേശവലു എന്നീ പ്രതികളാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. മാത്രമല്ല പോലീസിന്റെ കൈവശമുള്ള തോക്കുകള്‍ തട്ടിയെടുക്കുകയും വെടിവെക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് തങ്ങള്‍ വെടിവെച്ചുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ നാലുപേരും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയെന്നും കമ്മീഷണര്‍ വി.സി. സജ്ജനാര്‍ പറയുന്നു. പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസുകാര്‍ക്ക് ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്നും അക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചുവെന്നും വി.സി. സജ്ജനാര്‍ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ കൊലയില്‍ ആശങ്ക പ്രകടിപ്പിച്ച മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.