ഉള്ളി കർഷകന് 25 രൂപ ഇടനിലക്കാരന് 140 പൂഴ്ത്തിവയ്പു തുടരുന്നു ..........∙ ഉള്ളിവിലയ്ക്കു വീണ്ടും തീപിടിച്ചു. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാർ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. നാസിക്കിലെ സാധാരണക്കാരനായ ഒരു ഉള്ളി കർഷകൻ മൊത്തക്കമ്പോളത്തിൽ ഒരു കിലോ ഉള്ളി വിൽക്കുമ്പോൾ ലഭിക്കുന്നത് പരമാവധി 30 രൂപ. കര്‍ഷകരില്‍നിന്ന് വാങ്ങി നാസിക്കിൽ നിന്ന് 3 മണിക്കൂർ യാത്രാദൂരം മാത്രമുള്ള മുംബൈയിലെത്തുമ്പോൾ ഇതേ ഉള്ളിക്ക് വില 140 രൂപയാകുന്നു. ഇവിടെയാണ് ഇടനിലക്കാരുടെ കൊള്ളലാഭം വ്യക്തമാകുന്നത്. ചെന്നൈ നഗരത്തിലും സവാള വില 140 രൂപയായി. 2 ദിവസം മുൻപു 100 രൂപയായിരുന്നതാണ് ഇന്നലെ 40 രൂപ വർധിച്ചത്. കോയമ്പേട് മാർക്കറ്റിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ സവാളയ്ക്കു 130 രൂപയാണു നിരക്ക്. ചില ചില്ലറ കേന്ദ്രങ്ങളിൽ സവാളയ്ക്കു 150 രൂപവരെ വാങ്ങുന്നതായും പരാതിയുണ്ട്. ചെറിയ ഉള്ളിയുടെ വില കേട്ടാൽ കണ്ണു നിറയും. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ 160, ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വില 180 രൂപവരെയായി. അതേസമയം ഉള്ളിവില പിടിച്ചു നിർത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഡിണ്ടിഗൽ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ പല ജില്ലകളിലും ചെറിയ ഉള്ളി ഉൽപാദിപ്പിക്കുന്നുണ്ട്. എന്നിട്ടും വില ഉയരുന്നതു പൂഴ്ത്തിവയ്പ് കാരണമാണെന്നും ആരോപണമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ളി എത്തിക്കുമെന്ന സർക്കാർ പ്രഖ്യാപനം വാക്കിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ഓൺലൈനുകളിൽ ചെറിയ കിഴിവ് ഓൺലൈൻ ഭക്ഷണ വിതരണ സൈറ്റുകളിലും ഉള്ളിവില ഉയർന്നു തന്നെ. പ്രമുഖ സൈറ്റുകളിൽ ചെറിയ ഉള്ളി കിലോയ്ക്ക് 210 രൂപയും, സവാളയ്ക്ക് 148 രൂപയുമാണു വില. ചില സൈറ്റുകളിൽ 54 ശതമാനം കിഴിവോടെ 69 രൂപയ്ക്ക് ഉള്ളി ലഭ്യം. എന്നാൽ സ്റ്റോക്ക് കുറവാണെന്ന മുന്നറിയിപ്പുമുണ്ട്. ∙ ഇറച്ചി വിൽക്കുന്ന ഓൺലൈൻ സൈറ്റുകളെയും ഉള്ളിവില ബാധിച്ചു. ഉള്ളിയില്ലാതെ ഇറച്ചി പാചകം ചെയ്യാനാവാത്തതിനാൽ പലരും ഇറച്ചി വേണ്ടെന്നുവച്ചിരിക്കുകയാണ്. ഉള്ളി ഇല്ലാതെ എങ്ങനെ രുചികരമായ ഇറച്ചി വിഭവങ്ങൾ പാചകം ചെയ്യാം എന്ന പരസ്യമാണു പല സൈറ്റുകളുടെയും പുതിയ മാർക്കറ്റിങ് തന്ത്രം.