തിരുവനന്തപുരം : കരമന–കളിയിക്കാവിള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്പെഷൽ ഓഫീസറുടെ അഭാവം പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആക്ഷേപം. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് ആക്ഷൻ കൗൺസിൽ കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കരമന നിന്നും പ്രാവച്ചമ്പലം വരെയാണ് നിലവിൽ ദേശീയപാത വികസനം സാധ്യമായിട്ടുള്ളത്. പ്രാവച്ചമ്പലം പാലം മുതൽ പള്ളിച്ചൽ ജംഗ്ഷൻ വരെയുള്ള ഭൂമി റവന്യൂ വകുപ്പ് പിഡബ്ല്യുഡിക്ക് കൈമാറി. പക്ഷെ, കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന നടപടി ഇഴയുകയാണെന്ന ആരോപണം വ്യാപകമാണ്. ബാലരാമപുരം കൊടിനട മുതൽ വഴിമുക്ക് വരെയുള്ള വികസനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തന്നെ നടപ്പിലാക്കണമെന്നും വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള അലൈൻമെന്റ് ഉടൻ തയാറാക്കി അതിര് തിരിച്ച് കല്ലിടണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ പാത വികസന ആക്ഷൻ കൗൺസിൽ പ്രസിഡന്റ് എ.എസ് മോഹൻകുമാർ യോഗത്തിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മണ്ണാങ്കൽ രാമചന്ദ്രൻ, സി.വി ഗോപാലകൃഷ്ണൻനായർ, അനുപമ രവീന്ദ്രൻ, . അനിരുദ്ധൻനായർ, എ.എം ഹസ്സൻ, നേമം ജബ്ബാർ, വി.എസ് ജയറാം, എം. രവീന്ദ്രൻ, എസ്.എൽ മധു, വൈ.കെ ഷാജി, കെ.പി ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു